സ്ഥലം മാറിവന്ന ഡിഎംഒയ്ക്ക് സ്ഥലം നൽകാതെ സ്ഥലം മാറേണ്ട ഡിഎംഒ
കോഴിക്കോട് : ആരോഗ്യ വകുപ്പിന് നാണക്കേടായി ഡിഎംഒ ഓഫിസിലെ കസേരകളി. ഒരേസമയം രണ്ട് ഉദ്യോഗസ്ഥര്‍ ഡിഎംഒ ആയി ഓഫിസിൽ എത്തിയതോടെയാണ് കസേരക്കായി വടംവലിയുണ്ടായത്. സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡിഎംഒ തയാറായില്ല. സ്ഥലം മാറ്റത്തിൽ കോഴിക്കോട് ഡിഎംഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു.
ഡിസംബർ 10 നാണ് DMO ആയി ഡോ.ആശദേവി ചുമതല ഏൽക്കുന്നത്.അന്നു തന്നെ ഡോ.രാജേന്ദ്രൻ സ്ഥാനം ഒഴിയുകയും ചെയ്തു. ഡിസംബർ 12്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിന്ന് സ്ഥലം മാറ്റ ഉത്തരവിൽ സ്റ്റേ വാങ്ങിയ രാജേന്ദ്രൻ വീണ്ടും ഡിഎംഒ ആയി കോഴിക്കോട്ട് എത്തി. ഡോ. ആശാദേവി ഇന്ന് ജോലിക്ക് കയറാൻ വന്നത് ട്രൈബ്യൂണൽ സ്റ്റേ നീക്കിയതിനെ തുടർന്നാണ്. പക്ഷേ മാറാൻ രാജേന്ദ്രൻ തയ്യാറായില്ല.
ഏറെ നേരം രണ്ട് പേരും ഡിഎംഒയുടെ കാബിനിൽ ഇരിക്കുകയായിരുന്നു. രാജേന്ദ്രൻ കസേര ഒഴിഞ്ഞ് കൊടുക്കാതെ വന്നതോടെ ആശാദേവി ഓഫിസില്‍ നിന്ന് മടങ്ങി.വിഷയം പരിഹരിക്കാൻ പറ്റാത്തത് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റെയും വലിയ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തിൽ രണ്ട് പേരും പ്രതികരിക്കാൻ തയാറായില്ല. മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങൾ പടർന്ന് പിടിക്കുമ്പോഴാണ് ആരോഗ്യ വകുപ്പിലെ സുപ്രധാന ഓഫിസിൽ കസേര കളി നടക്കുന്നത്.സർക്കാർ ഉത്തരവ് പ്രകാരം മുന്നോട്ട് പോകുമെന്ന് ആശാദേവിയും സ്ഥലംമാറ്റ ഉത്തരവിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നു ഡോ.രാജേന്ദ്രനും പറഞ്ഞു.