75 രൂപയ്ക്ക് പെട്രോൾ,സിഎഎ പിൻവലിക്കും ; ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി

0

ചെന്നൈ: പ്രതിപക്ഷ സഖ്യത്തിന് കേന്ദ്രത്തിൽ അധികാരം ലഭിച്ചാൽ പൗരത്വ നിയമ ഭേദഗതി (സിഎഎ) പിൻവലിക്കുമെന്ന് ഡിഎംകെയുടെ പ്രകടന പത്രികയിൽ വാഗ്ദാനം. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകും, 2020ലെ പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കും, ഗവർണർമാർക്ക് ഭരണഘടന നൽകിയിരിക്കുന്ന പ്രത്യേക സംരക്ഷണം ഒഴിവാക്കും, ഗവർണർ നിയമനം മുഖ്യമന്ത്രി കൂടി അംഗീകരിക്കണമെന്നു നിയമം നിർമിക്കും, ഇന്ധനവില കുറയ്ക്കും, ഉത്പാദനച്ചെലവിനെക്കാൾ 50 ശതമാനം അധികമാകണം താങ്ങുവിലയെന്ന എം.എസ്. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.

സായുധസേനയിലെ അഗ്നിപഥ് പദ്ധതി റദ്ദാക്കി പഴയ രീതി പുനഃസ്ഥാപിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. നീറ്റ് പരീക്ഷ ഒഴിവാക്കും. ജാതി സെൻസസ് ഉൾപ്പെടെ ജനസംഖ്യാ കണക്കെടുപ്പുകൾ അഞ്ചു വർഷത്തിലൊരിക്കലാക്കി മാറ്റും, ഓരോ സംസ്ഥാനത്തിന്‍റെയും വായ്പാ പരിധി കേന്ദ്രം നിയന്ത്രിക്കുന്നതിനെച്ചൊല്ലിയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. സെസുകളിൽ നിന്നുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നതിന് പുതിയ നിർദേശം കൊണ്ടുവരും. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 42 ശതമാനത്തിൽ നിന്ന് 50 ആക്കി ഉയർത്തും. പാർലമെന്‍റിലും നിയമസഭകളിലും വനിതാസംവരണം നടപ്പാക്കുമെന്നും സ്ത്രീകൾക്ക് ആർത്തവ അവധി ഏർപ്പെടുത്തുമെന്നും പ്രകടന പത്രികയിലുണ്ട്.

പെട്രോൾ ലിറ്ററിന് 75ഉം ഡീസലിന് 65ഉം രൂപയാക്കി നിശ്ചയിക്കും. എൽപിജി സിലിണ്ടറിന് പരമാവധി 500 രൂപ. ഏകസിവിൽ നിയമം കൊണ്ടുവരില്ലെന്ന് ഉറപ്പാക്കി രാജ്യത്തിന്‍റെ മതേതര സ്വഭാവം നിലനിർത്തുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. സച്ചാർ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കി മുസ്‌ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരം ഉയർത്തുമെന്നതാണ് മറ്റൊരു പ്രഖ്യാപനം.

21 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും ഡിഎംകെ പ്രഖ്യാപിച്ചു. കനിമൊഴി, ടി.ആർ.ബാലു, എ.രാജ, ദയാനിധി മാരൻ തുടങ്ങിയവർ പട്ടികയിലുണ്ട്. എന്നാൽ, അഴിമതിക്കേസിൽപ്പെട്ട മുൻ മന്ത്രി കെ. പൊന്മുടിയുടെ മകന് സീറ്റ് നിഷേധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *