ദ്രാവിഡ ദേശത്തെ മുന്നോട്ടുനയിച്ച ഡിഎംകെയ്ക്ക് ഇന്ന് 75 വയസ്സ് .
കലൈജ്ഞർ കരുണാനിധിയുടെ ജന്മശതാബ്ദി വർഷത്തിൽത്തന്നെ, അദ്ദേഹം പടുത്തുയർത്തിയ പാർട്ടിക്കും വജ്ര ജൂബിലി. ദേശീയ രാഷ്ട്രീയത്തിലെ പ്രധാന പ്രതിപക്ഷ ശബ്ദങ്ങളിലൊന്നായി മാറിയ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡിഎംകെ) ഇന്ന് 75–ാം പിറന്നാൾ. സ്വാതന്ത്ര്യാനന്തര തമിഴ്നാടിന്റെ രാഷ്ട്രീയമുദ്രകളിലൊന്നായ ഡിഎംകെ 1949 സെപ്റ്റംബർ 17നാണ് പിറവിയെടുക്കുന്നത്.
ദ്രവീഡിയൻ പ്രോഗ്രസീവ് ഫെഡറേഷൻ എന്ന പേരിൽ തുടക്കമിട്ട പാർട്ടി 1953ലാണ് ഡിഎംകെ എന്ന ചടുലമായ പേരിലേക്കു വഴിമാറുന്നത്. അതിനു നിമിത്തമായത് ചെന്നൈയുടെ ഹൃദയത്തുടിപ്പുകൾ അറിയുന്ന ദ് ഹിന്ദു പത്രവും. തലക്കെട്ടിടാൻ നീണ്ട പേരുകൾ ബുദ്ധിമുട്ട് സൃഷ്ടിച്ചപ്പോൾ ഇംഗ്ലിഷ് പത്രത്തിന്റെ സ്വാതന്ത്ര്യമെടുത്ത് ഹിന്ദു പത്രം പുതിയ പാർട്ടിയെ 3 ഇംഗ്ലിഷ് അക്ഷരങ്ങളിലേക്കു ചുരുക്കി. അധികം താമസിയാതെ തലക്കെട്ടുകളിൽനിന്ന് വായനക്കാരുടെയും ജനങ്ങളുടെയും ഹൃദയത്തിൽ പതിഞ്ഞ നാമപദമായി ആ ചുരുക്കെഴത്തു മാറിയെന്നത് ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിലും അടയാളപ്പെടുത്താവുന്ന കാര്യമാണ്. പത്രത്തിൽ വന്ന ഡിഎംകെ എന്ന ചുരുക്കെഴുത്ത് പിന്നീട് തമിഴ്നാട് രാഷ്ട്രീയത്തിന്റെ കൊടിപ്പടമായിമാറി.
വൈക്കം സത്യഗ്രഹത്തിൽ ഉൾപ്പെടെ പങ്കെടുത്ത, തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കർത്താവ് കൂടിയായ ഇ.വി.രാമസ്വാമി എന്ന പെരിയാർ, നടേശ മുതലിയാർ, പി.ടി.രാജൻ, ടി.എം.നായർ തുടങ്ങിയവരാണ് ആദ്യകാലങ്ങളിൽ തമിഴക രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നത്. ഹിന്ദിവിരുദ്ധ സമരം വന്നതോടെ ഉണർന്ന ദ്രാവിഡ വികാരം പിന്നീട് കൂടുതൽ ശക്തമാകയും അണ്ണാദുരെയും കരുണാനിധിയുമൊക്കെ തമിഴക രാഷ്ട്രീയത്തെ നിയന്ത്രിക്കുകയും ചെയ്തു. 1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ 15 സീറ്റ് മാത്രം നേടിയ ഡിഎംകെയുടെ വളർച്ച സ്വാഭാവികവും സാവധാനവുമായിരുന്നു. കോൺഗ്രസ് നേതാവായ കെ. കാമരാജാണ് അന്ന് മുഖ്യമന്ത്രിയായത്.
തമിഴക രാഷ്ട്രീയത്തിന്റെ ജീവചരിത്രകാരൻ കൂടിയായ ആർ.കണ്ണൻ ഡിഎംകെയുടെ ചരിത്രം അടയാളപ്പെടുത്തി 75–ാം വർഷത്തിൽ ‘ദ് ഡിഎംകെ ഇയേഴ്സ്’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. വൈകിങ് ആണ് പ്രസാധകർ.
ഡിഎംകെയുടെ മുക്കാൽ നൂറ്റാണ്ട് ചരിത്രം എന്നതിനൊപ്പം, ഒരു നാട്ടുരാജ്യം എന്ന നിലയിൽനിന്ന് ഒരു കരുത്തുറ്റ തെക്കൻസംസ്ഥാനം എന്ന നിലയിലേക്കുള്ള തമിഴ്നാടിന്റെ വളർച്ചയുടെ ചരിത്രവും കൂടിയാണ് കണ്ണൻ ഈ പഠനത്തിൽ അടയാളപ്പെടുത്തുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിലെ തലത്തൊട്ടപ്പന്മാരായ സി.എൻ.അണ്ണാദുരെയുടെയും ഡിഎംകെ സ്ഥാപകൻ കൂടിയായ തെന്നിന്ത്യൻ ചലച്ചിത്ര താരവും തമിഴക മുഖ്യമന്ത്രിയുമായിരുന്ന എംജിആറിന്റെയും ജീവചരിത്രം എഴുതിയ കണ്ണൻ ഈ ഗ്രന്ഥരചനയിലൂടെ, ഡിഎംകെയുടെ ചരിത്രത്തെപ്പറ്റി ഇംഗ്ലിഷിൽ ഒരു ആധികാരിക റഫറൻസ് ഇല്ല എന്ന പോരായ്മ കൂടിയാണു നികത്തുന്നത്. കരുണാനിധിയുടെ ജീവിതകഥ തന്നെയാണ് ഒരുപരിധിവരെ ഡിഎംകെയുടെ ചരിത്രമെന്നും കണ്ണൻ പറഞ്ഞു വയ്ക്കുന്നു.
1999 നും 2004 നും ഇടയിൽ കേന്ദ്രത്തിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനു ഡിഎംകെ നൽകിയ പിന്തുണ ഏറെ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അധികാരത്തിലേക്കുള്ള വഴിയിൽ ആരും അസ്പൃശ്യരല്ലെന്ന വാദം ശരിവയ്ക്കുന്നതായിരുന്നു അന്നത്തെ ഡിഎംകെ നീക്കം. അതിന് കരുണാനിധി പറഞ്ഞു വച്ച ന്യായീകരണവും രാഷ്ട്രീയ പഠിതാക്കൾ എക്കാലവും ഓർത്തുവയ്ക്കും. വർഗീയതയുടെ രാഷ്ട്രീയത്തെക്കാൾ ജയലളിതയുടെ അഴിമതിയാണ് നാടിന് അപകടമെന്നായിരുന്നു അന്നത്തെ ന്യായം. 1980 കളുടെ മധ്യത്തിൽ ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ അനേകം തമിഴ് വംശജർ കൊല്ലപ്പെട്ടത് ഇന്ത്യയെയും തമിഴ്നാടിനെയും ഉലച്ചപ്പോൾ ഉറക്കം കെട്ടത് ഡിഎംകെയ്ക്കും കരുണാനിധിക്കുമായിരുന്നു. മുഖ്യമന്ത്രി പദം വരെ രാജിവച്ച് കരുണാനിധി അന്ന് പ്രതികരിച്ചതു മൂലമാണ് തമിഴ് വംശഹത്യ ഒരു പരിധിവരെ തടയാൻ കഴിഞ്ഞത് എന്നു പറയുന്ന ചരിത്രകാരന്മാരും ഉണ്ട്. 1972 ൽ, സിനിമാ രംഗത്ത് കരുണാനിധിയുടെ ഉറ്റമിത്രമായിരുന്ന എം.ജി.രാമചന്ദ്രൻ ഡിഎംകെയിൽനിന്നു പിണങ്ങി മാറിയത് പാർട്ടിയുടെ കരുത്തു ചോർത്തിയെങ്കിലും അനിശ്ചിതത്വങ്ങളും അപ്രതീക്ഷിത താരോദയങ്ങളും ഒക്കെ പതിവായ തമിഴ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയാകാനുള്ള നിയോഗമാണ് ഡിഎംകെയ്ക്കായി കാലം കാത്തുവച്ചതെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രിയും കരുണാനിധിയുടെ പിന്മുറക്കാരനുമായ എം.കെ.സ്റ്റാലിൽ തെളിയിച്ചിരിക്കുന്നു.
ഡിഎംകെയുടെ ഇപ്പോഴത്തെ അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പാർട്ടിയുടെ 75–ാം വാർഷിക ലോഗോ കഴിഞ്ഞ ദിവസം പുറത്തിറക്കി. പെരിയാർ, അണ്ണാദുരൈ, കരുണാനിധി എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തതാണ് ലോഗോ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇടതു–മധ്യ നിലപാടിനു പേരുകേട്ട ഡിഎംകെ വിവാദങ്ങൾക്കോ നിലപാടു മാറ്റങ്ങൾക്കോ അതീതമല്ല. എന്നാൽ പുതിയ കാലത്തിന് അനുസരിച്ചുള്ള വ്യവസായ – വിവര സാങ്കേതികവിദ്യാ അധിഷ്ഠിത നയങ്ങളിലൂടെ ദ്രാവിഡ ദേശത്തെ മുന്നോട്ടുനയിക്കുന്നതിൽ പാർട്ടി വലിയൊരു പരിധിവരെ വിജയിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജിഡിപി വളർച്ചയുള്ള സംസ്ഥാനമാണ് 27 ലക്ഷം കോടി രൂപ ജിഡിപിയുള്ള തമിഴ്നാട്. 2030 ആകുമ്പോഴേക്കും ഒരു ട്രില്യൻ ഡോളർ ആസ്തിയുള്ള ഇടമായി തമിഴ്നാട് മാറും എന്നാണു നിഗമനം. കേരള മോഡൽ, ഗുജറാത്ത് മോഡൽ തുടങ്ങിയ വികസന മാതൃകകളെ പോലും പിന്തള്ളി ദ്രവീഡിയൻ മോഡൽ എന്ന പുതിയ വളർച്ചാ ഏകകം രൂപപ്പെടുത്തി തമിഴ്നാട് മുന്നേറുകയാണ്. മന്ത്രിയുടെ മകനും മന്ത്രിയുടെ സാരഥിയുടെ മകനും ഒരേ വിദ്യാലയത്തിൽ ഒരേ സൗകര്യങ്ങളിൽ പഠിക്കുന്ന വ്യവസ്ഥിതി ലക്ഷ്യമിടുന്നത് എല്ലാവരുടെയും ഒരേ പോലെയുള്ള വളർച്ചയും വികാസവുമാണ്. കേരള മോഡൽ ആരോഗ്യ– വിദ്യാഭ്യാസ രംഗത്ത് ഇന്നും മികച്ച മാതൃകയാണെങ്കിലും സാമ്പത്തിക വളർച്ചയിൽ പിന്നാക്കം പോയി. വിദേശ മലയാളികളുടെ പണമാണ് കേരള സമ്പദ്ഘടനയെ പിടിച്ചു നിർത്തുന്നത്. ഗുജറാത്ത് മോഡൽ വ്യവസായ – അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ നല്ല മാതൃകയാണെങ്കിലും ജനങ്ങളുടെ ആരോഗ്യ–ക്ഷേമ കാര്യങ്ങളിൽ പിന്നാക്കമാണ്. എന്നാൽ ദ്രവീഡിയൻ വികസന മാതൃക ഇതിന്റെയെല്ലാം മീതേ വളർന്ന് വിജയക്കൊടി നാട്ടുന്ന നാളുകളാണു വരാൻ പോകുന്നതെന്ന് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റും മറ്റും പറയുന്നു. 25 വർഷം കൂടി കഴിഞ്ഞ് 2049 ആകുമ്പോഴേക്കും ഡിഎംകെയുടെ ശതാബ്ദി വർഷമാണ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനും അപ്പോഴേക്കും 100 വയസ്സ് തികയും. അപ്പോഴേക്കും തമിഴ്നാട് വികസന തലസ്ഥാനമാകുമോ എന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ നിരീക്ഷകർ. ഡിഎംകെ ഈ സ്വപ്നം സഫലമാക്കുമോ? കാലം മറുപടി പറയട്ടെ.