ടി.വി.കെയുടേത് ‘കോക്ടെയിൽ പ്രത്യയശാസ്ത്ര’മെന്ന് AIADMK ; വിജയ് കോപ്പിയടിക്കാരനെന്ന് ഡി.എം.കെ
ചെന്നൈ: നടനും ടി.വി.കെ. (തമിഴക വെട്രി കഴകം) അധ്യക്ഷനുമായ വിജയ്‌ക്കെതിരേ തമിഴ്‌നാട് ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും. തമിഴക വെട്രി കഴകത്തിന്റേത് എന്ന് അവകാശപ്പെട്ട് വിജയ് പ്രഖ്യാപിച്ച പ്രത്യയശാസ്ത്രം, തങ്ങളുടേത് കോപ്പിയടിച്ചതാണെന്ന് ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ ആരോപിച്ചു. വില്ലുപുരത്തെ വിക്രവാണ്ടിയില്‍ നടത്തിയ ടി.വി.കെയുടെ ആദ്യ സമ്മേളനത്തിലാണ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും ലക്ഷ്യവും വിജയ് പ്രഖ്യാപിച്ചത്.
ഇവയെല്ലാം ഞങ്ങളുടെ നയങ്ങളാണ്. അദ്ദേഹം കോപ്പിയടിക്കുകയാണ്. അദ്ദേഹം എന്തൊക്കെ പറഞ്ഞോ അതെല്ലാം ഞങ്ങള്‍ നേരത്തെ പറഞ്ഞതും പിന്തുടര്‍ന്ന് വരുന്നതുമാണ്, ഇളങ്കോവന്‍ കൂട്ടിച്ചേര്‍ത്തു. ഇത് ടി.വി.കെയുടെ ആദ്യ സമ്മേളനമാണ്. നമുക്ക് നോക്കാം. ഞങ്ങള്‍ നിരവധി പാര്‍ട്ടികളെ കണ്ടിട്ടുണ്ട്. ഇക്കാലത്തിനിടെ നിരവധി എതിരാളികളെ ഡി.എം.കെ. അഭിമുഖീകരിച്ചിട്ടുണ്ടെന്നും ഇളങ്കോവന്‍ കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ വിഷയങ്ങള്‍ക്കുവേണ്ടി പോരാടാന്‍ വേണ്ടിയാണ് ഡി.എം.കെ. രൂപംകൊണ്ടതെന്നും ഇളങ്കോവന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി രൂപവത്കരിച്ച് രണ്ടുകൊല്ലത്തിനിപ്പുറം 2026-ല്‍ അധികാരത്തിലെത്താനാണ് വിജയ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഡി.എം.കെയ്‌ക്കെതിരേയും പാര്‍ട്ടിയുടെ രാഷ്ട്രീയത്തിനെതിരേയും പ്രത്യക്ഷവും പരോക്ഷവുമായ വിമര്‍ശനങ്ങളായിരുന്നു ഞായറാഴ്ചത്തെ പ്രസംഗത്തില്‍ വിജയ് ഉന്നയിച്ചത്. ദ്രാവിഡ മാതൃകയെന്ന് അവകാശപ്പെട്ട് ജനങ്ങളെ ഡി.എം.കെ. പറ്റിക്കുകയാണെന്നും വിജയ് വിമര്‍ശിച്ചിരുന്നു. അധോലോക ഇടപാടുകളിലൂടെ സംസ്ഥാനത്തെ ഒരു കുടുംബം കൊള്ളയടിക്കുകയാണെന്നും നടന്‍ വിമര്‍ശിച്ചിരുന്നു.
ടി.വി.കെ. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും വിമര്‍ശിച്ചു. എല്ലാ പാര്‍ട്ടികളുടെയും പ്രത്യയശാസ്ത്രത്തിന്റെ മിശ്രിതമാണ് ടി.വി.കെയുടെ പ്രത്യയശാസ്ത്രമെന്നും പഴയ വൈന്‍ പുതിയ കുപ്പിയില്‍ ആക്കിയിരിക്കുന്നതാണെന്നും എ.ഐ.എ.ഡി.എം.കെ. വക്താവ് കോവൈ സത്യന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ എല്ലാ പാര്‍ട്ടികളില്‍നിന്നും എടുത്ത കോക്ടെയില്‍ പ്രത്യയശാസ്ത്രമാണ് ടി.വി.കെയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.