കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ഇൻകം ടാക്സ് നോട്ടീസ്

ബംഗളൂരു: കോൺഗ്രസ് നേതാവും കർണാടക ഉപ മുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന് ഇൻകം ടാക്സ് നോട്ടീസ് അയച്ചു. ഇന്നലെ രാത്രിയാണ് തനിക്ക് നോട്ടീസ് ലഭിച്ചത് എന്നും നോട്ടീസിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും ഡികെ ശിവകുമാർ പറഞ്ഞു.
തനിക്ക് വീണ്ടും ഇൻകം ടാക്സ് നോട്ടീസ് അയച്ചിരിക്കുന്നത് മുൻപ് തന്നെ പരിഹരിച്ച വിഷയത്തിന്റെ പേരിലാണ് എന്നും ഡികെ ശിവകുമാർ ആരോപിച്ചു. ജനാധിപത്യവും നിയമവ്യവസ്ഥയും ഈ രാജ്യത്ത് ഉണ്ടായിട്ടും ഉദ്യോഗസ്ഥരോട് ഇത്തരം കാര്യങ്ങൾ ചെയ്യാൻ നിർദ്ദേശം നൽകുന്നത് ബിജെപി സർക്കാരാണ് എന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
ബിജെപിക്ക് പരാജയഭീതിയാണെന്നും അവർ തങ്ങളുടെ ബലഹീനത തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും പറഞ്ഞ ഡി കെ ശിവകുമാർ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയെ ഇന്ത്യ മുന്നണി പരാജയപ്പെടുത്തുമെന്നതിനാൽ പ്രതിപക്ഷത്തിൽ ഭയം ജനിപ്പിക്കാൻ ആണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത് എന്നും ശിവകുമാർ കുറ്റപ്പെടുത്തി.
കർണാടകയിലേത് ഉൾപ്പെടെയുള്ള ചില ബിജെപി നേതാക്കൾക്കും കേന്ദ്രമന്ത്രിമാർക്കും എതിരെ നിരവധി കേസുകൾ നിലനിൽക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് അന്വേഷണ ഏജൻസികളിൽ നിന്നും അവർക്കാർക്കും നോട്ടീസ് ലഭിക്കാത്തത് എന്നും ശിവകുമാർ ചോദിച്ചു.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച പശ്ചാത്തലത്തിൽ നിലവിൽ കോൺഗ്രസിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. ഇതിനിടെയാണ് ഡി.കെ ശിവകുമാറിനുംഇപ്പോൾ നോട്ടീസ് ലഭിച്ചിരിക്കുന്നത്.