ദീപാവലിക്ക് ഇഷ്ടംപോലെ ഉള്ളി, വില പൊള്ളില്ല; 1600 ടൺ സവാളയുമായി ഡൽഹിയിലേക്ക് ട്രെയിൻ

0

 

ന്യൂഡൽഹി∙  ഉള്ളിയുമായി കാണ്ഡ എക്‌സ്പ്രസ് ഇന്ന് ഡൽഹിയിൽ എത്തുന്നതോടെ വിലക്കയറ്റത്തിന് ശമനമാകുമെന്നു പ്രതീക്ഷ. ഏതാനും ആഴ്ചകളായി ഉള്ളിക്കു വില ഉയരുന്ന സാഹചര്യത്തിലാണു സർക്കാരിന്റെ ഇടപെടൽ. ഉത്തർപ്രദേശിലെ ലക്നൗ, വാരാണസി എന്നിവിടങ്ങളിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പുർ എന്നിവിടങ്ങളിലേക്കും ‘ഉള്ളി ട്രെയിനുകൾ’ അയയ്ക്കുമെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖാരെ പറഞ്ഞു.മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് 1,600 ടൺ ഉള്ളിയുമായാണ് കാണ്ഡ എക്സ്പ്രസ് രാജ്യതലസ്ഥാനത്തേക്കു പുറപ്പെട്ടത്. ഡൽഹിയിലെ ചില്ലറ വിപണിയിൽ ഉള്ളിവില കിലോയ്ക്ക് 75 രൂപ വരെ ഉയർന്നതിനെ തുടർന്നാണു നടപടി.

ദീപാവലി ആഘോഷത്തിന് മുന്നോടിയായി ഉള്ളിയുമായി ട്രെയിൻ ഡൽഹിയിൽ എത്തുന്നതോടെ വില കുറയുമെന്നാണു കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. ഉള്ളി നിറച്ച 42 വാഗണുകളുള്ള ‘കാണ്ഡ എക്സ്പ്രസ്’ ഡൽഹിയിലെ കിഷൻഗഞ്ച് റെയിൽവേ സ്റ്റേഷനിലാണ് എത്തുക.ഡൽഹിയിലേക്കുള്ള ഉള്ളി ട്രെയിനിന് സമാനമായി, ഉത്തർപ്രദേശിലെ ലക്നൗ , വാരാണസി, അസം, നാഗാലാൻഡ്, മണിപ്പുർ ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിപണികളിലേക്കും, ഉള്ളി അടക്കമുള്ള പച്ചക്കറികൾ വിതരണം ചെയ്യുമെന്ന് നിധി ഖാരെ പറഞ്ഞു.

സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനായി, ദീപാവലിക്ക് മുന്നോടിയായി മൊബൈൽ ഔട്ട്‌ലറ്റുകൾ വഴിയും നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ, നാഷനൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ എന്നിവ വഴിയും ഉള്ളി വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർക്കാർ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ ഉള്ളി വിലയിൽ 66.1 ശതമാനം വർധനയാണു രേഖപ്പെടുത്തിയത്. ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും വില യഥാക്രമം 65 ശതമാനവും 42.2 ശതമാനവും ഉയർന്നു. വഴുതന, കാരറ്റ്, കാബേജ്, കോളിഫ്‌ളവർ, കടല, ചീര തുടങ്ങിയ പച്ചക്കറികള്‍ക്കും 20 ശതമാനത്തിലധികം വിലക്കയറ്റം രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *