പിപി ദിവ്യ രാഷ്ട്രീയ പ്രവർത്തനം നിർത്തുന്നു
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ നിലപാട് സംബന്ധിച്ച് സിപിഎം നേതാക്കൾക്കിടയിലും ആശങ്ക. അറസ്റ്റിലായതിന് പിന്നാലെ തനിക്കെതിരെ പാർട്ടി നടപടി എടുത്തതിൽ ദിവ്യക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ജയിലിൽ കിടക്കുമ്പോൾ പാർട്ടി നടപടി വേണ്ടിയിരുന്നില്ലെന്നും പാർട്ടി തന്റെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്നും ദിവ്യക്ക് പരാതിയുണ്ട്. ഇക്കാര്യങ്ങൾ താനുമായി ഫോണിൽ ബന്ധപ്പെട്ട നേതാക്കളോട് ദിവ്യ പങ്കുവെക്കുകയും ചെയ്തു.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന സമയത്താണ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയത്. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.
സംഭവത്തിൽ തന്റെ ഭാഗം കേൾക്കാൻ കണ്ണൂരിലെ പാർട്ടി നേതൃത്വം തയ്യാറായില്ലെന്ന പരാതി ദിവ്യക്കുണ്ട്. ഒരുപക്ഷേ കണ്ണൂരിൽ നിന്നും പാർട്ടിയുടെ സംസ്ഥാനത്തെ തന്നെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി മാറേണ്ടിയിരുന്ന ദിവ്യയെ തരംകിട്ടിയപ്പോൾ ഒതുക്കിയെന്ന പരാതി ദിവ്യയെ അനുകൂലിക്കുന്നവർക്കുമുണ്ട്. ഇതോടെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കാൻ ദിവ്യ തീരുമാനിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്