പി.പി. ദിവ്യ അഴിക്കുള്ളിൽ : 14 ദിവസം ജില്ലാ വനിതാ ജയിലിൽ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി. രണ്ടാഴ്ച ജില്ലാ വനിതാ ജയിലിലായിരിക്കും ദിവ്യ. ബുധനാഴ്ച തലശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ദിവ്യയെ കോടതിയിൽ ഹാജരാക്കിയത്.
തലശേരി സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്. ജാമ്യാപേക്ഷ നിഷേധിച്ചതിനു പിന്നാലെ സിപിഎമ്മും കീഴടങ്ങാൻ ദിവ്യയോട് ആവശ്യപ്പെട്ടിരുന്നു. ദിവ്യയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്കെത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാധ്യമങ്ങളെ കബളിപ്പിച്ച് ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫിസിലേക്കാണ് എത്തിച്ചത്.
കീഴടങ്ങാനായി എത്തുന്നതിനിടെ കണ്ണാപുരത്ത് വെച്ച് പൊലീസ് ദിവ്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നാണ് വിവരം. ദിവ്യയ്ക്കൊപ്പം 2 പാർട്ടി പ്രവർത്തകരുമുണ്ടായിരുന്നു. ദിവ്യയെ മാധ്യമങ്ങളെ കാണിക്കാതെ രഹസ്യമായ രീതിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്