ദിവ്യയെ ക്ഷണിച്ചിട്ടില്ല, യാത്രയയപ്പിന്റെ സമയം മാറ്റിയിട്ടില്ലെന്നും മൊഴി; റിപ്പോർട്ടിനു പിന്നാലെ നടപടിക്ക് സാധ്യത
കണ്ണൂർ∙ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടർ അരുൺ കെ. വിജയന്റെ മൊഴി. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കലക്ടർ പറഞ്ഞു. സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു വിഭാഗം ജോയിന്റ് കമ്മിഷണർ എ.ഗീതയ്ക്കാണ് കലക്ടർ മൊഴി നൽകിയത്. ഇക്കാര്യം സ്റ്റാഫ് കൗൺസിലും സ്ഥിരീകരിച്ചു. മുൻകൂട്ടി തീരുമാനിച്ച സമയത്താണ് യാത്രയയപ്പ് നടന്നതെന്നാണ് സ്റ്റാഫ് കൗൺസിൽ അംഗങ്ങളും ഗീതയോട് പറഞ്ഞത്.വകുപ്പ് തല അന്വേഷണ റിപ്പോർട്ട് രണ്ടു ദിവസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം.
യാത്രയയപ്പ് യോഗത്തിലും അതിനു ശേഷവും നടന്ന കാര്യങ്ങൾ, പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഫയൽ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ഗീത ചോദിച്ചറിഞ്ഞത്. അതേസമയം, കേസിൽ പ്രതിയായ പി.പി.ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കുന്നുണ്ട്.എ. ഗീത റിപ്പോർട്ട് നൽകിയാൽ കലക്ടർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. അവധിയിൽ പോകാനും സ്ഥലം മാറ്റത്തിനുമായുള്ള ശ്രമങ്ങൾ കലക്ടർ നടത്തിയിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കലക്ടർ പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു.