ലോക്കൽ ട്രെയിനിലെ സീറ്റിനെ ചൊല്ലിതർക്കം : 35 കാരനെ കൊലപ്പെടുത്തി.
മുംബൈ: ലോക്കൽ ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 35കാരനെ കുത്തിക്കൊന്ന കേസിൽ പ്രായപൂർത്തിയാകാത്തയാളെ കുർള ഗവൺമെൻ്റ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട അങ്കുഷ് ഭലേറാവു ഘാട്കോപ്പർ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പ്രതികാരം നടക്കുന്നത്. സംഭവം നടന്നതിൻ്റെ തലേദിവസം പ്രതിയും ഇരയും തമ്മിൽ ട്രെയിനിൽ വെച്ച് സീറ്റിനെ ചൊല്ലി വാക്കേറ്റം നടന്നിരുന്നു. തുടർന്ന് ഭലേറാവുവും കൂട്ടുകാരും ചേർന്ന് പ്രതിയെ മർദിച്ചു . ഇതിനു പ്രതികാരമായാണ് അങ്കുഷ് ഭലേറാവുവിനെ കുത്തികൊലപ്പെടുത്തിയത്. നേരത്തെ ട്രെയിനിൽ വെച്ച് നടന്ന വഴക്കിനിടെ മരിച്ചയാൾ എടുത്ത ഫോട്ടോയാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.
ഗവൺമെൻ്റ് റെയിൽവേ പോലീസിൻ്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതിയെ കണ്ടെത്തിയത്.കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം ടിറ്റ്‌വാലയിൽ വെച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആയുധം ഒളിപ്പിക്കാൻ സഹായിച്ച പ്രതിയുടെ ജ്യേഷ്ഠൻ മുഹമ്മദ് സനാഉല്ല ബൈത്തയെ (25) യും പൊലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിന് ശേഷം ഭലേറാവുവിനെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെന്നും അവിടെ വെച്ച് അദ്ദേഹത്തിൻ്റെ കരൾ തകരാറിലായതായി ഡോക്ടർമാർ കണ്ടെത്തിയെന്നും റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണത്തിന് മുമ്പ് ഭലേറാവു പ്രതികൾ നടത്തിയ വഴക്കും ഭീഷണിയും വിശദമായി പോലീസിന് മൊഴി നൽകിയിരുന്നു. “ഭലേറാവു തൻ്റെ ഫോണിലെ പ്രതിയുടെ ഫോട്ടോ ഞങ്ങളെ കാണിച്ചു, അങ്ങനെയാണ് അറസ്റ്റു നടന്നത്.” കുർള ജിആർപിയിൽ നിന്നുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.