‘അക്ഷരസന്ധ്യ’യിൽ മായാദത്തിൻ്റെ ചെറുകഥാ സമാഹാരത്തെക്കുറിച്ചുള്ള ചർച്ച നടന്നു

നവിമുംബൈ: മുംബൈയിലെ എഴുത്തുകാരി മായാദത്തിൻ്റെ ചെറുകഥാ സമാഹാരം “കാവാചായയും അരിമണികളും” നെരൂൾ ‘ന്യൂ ബോംബെ കേരളീയ സമാജ’ത്തിൻ്റെ പ്രതിമാസ സാഹിത്യ പരിപാടിയായ ‘അക്ഷര സന്ധ്യ’യിൽ ചർച്ച ചെയ്തു.
സമാജം വൈസ് പ്രസിഡൻ്റ് കെ.ടി. നായർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മാധ്യമപ്രവർത്തകൻ പി.ആർ. സഞ്ജയ് ആമുഖമായി സംസാരിച്ചു.അനിൽ പരുമല സ്വാഗതം പറഞ്ഞു.
സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളെ ആദ്യം വെളിപ്പെടുത്തുന്നത് ചെറുകഥകളാണെന്നും കഥാകൃത്ത് സമൂഹത്തിന്റെ ആത്മാവില്‍ മുക്കിയെടുത്ത ഒരു ലിറ്റ്മസ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടുകയാണ് ചെയ്യുന്നതെന്നും ചർച്ച നയിച്ച എഴുത്തുകാരൻ കണക്കൂർ ആർ സുരേഷ്‌കുമാർ അഭിപ്രായപ്പെട്ടു.
കെ.കെ.മോഹൻദാസ്, സുരേഷ് നായർ, പി.വിശ്വനാഥൻ, ഷാബു ഭാർഗ്ഗവൻ, രാമകൃഷ്ണൻ പാലക്കാട്, സജി തോമസ്, എസ്.അഭിലാഷ്, പി.എസ് സുമേഷ്, എസ് സുരേന്ദ്രബാബു, എം.ജി.അരുൺ, എം.വി. ബാബുരാജ്, മാത്യു തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
മായാദത്തിൻ്റെ നിരീക്ഷണ പാടവവും എഴുത്തുരീതിയും ചർച്ചയിൽ പങ്കെടുത്തവർ എടുത്തുപറഞ്ഞു. കഥയെഴുത്ത് നിസ്സാര കാര്യമല്ലെന്നും എഴുത്തുകൾ തങ്ങളുടെ രചനകൾ പുസ്തകമാക്കേണ്ടത് ആവശ്യമാണെന്നും കഥാകാരിക്ക് ആശംസകൾ അറിയിച്ച് പി.വിശ്വനാഥൻ അഭിപ്രായപ്പെട്ടു.
എഴുത്തു വഴിയിൽ ഇനിയും ഏറെ മുന്നേറണമെന്നും അതിനായി പ്രതിഭയും പ്രയത്നവും തീക്ഷ്ണമാക്കണമെന്നും സുരേഷ് നായർ പ്രതികരിച്ചു.
കഥകൾ പൂർണ്ണ വിരാമത്തിലവസാനിപ്പിക്കാതെ കഥയുടെ തുടർച്ച വായനക്കാരന് വിട്ടുകൊടുക്കുന്ന രീതി, കഥകളിലെ വാക്കുകളുടെ നിയന്ത്രണവും മായാദത്തിൻ്റെ എഴുത്തിൻ്റെ പ്രത്യേകതയാണെന്ന് ഷാബു ഭാർഗവൻ ചൂണ്ടിക്കാട്ടി .
അനുഭവങ്ങൾ ഭാവനയുടെ താളത്തിലേറ്റിയാണ് മായാദത്തിൻ്റെ എഴുത്തു രീതിയെന്ന് അഭിലാഷ് പറഞ്ഞു.
പ്രമേയവും കഥകൾ അവതരിപ്പിച്ച രീതിയും ഏറെ വ്യത്യസ്തമെന്നും രചനാപരമായ സൗന്ദര്യവും വായനക്കാരൻ വിചാരിക്കുന്ന വഴിയിലൂടെ പോകാത്ത കഥന രീതിയും പ്രത്യേകതകളായി പി.എസ് സുമേഷ് അഭിപ്രായപ്പെട്ടു.
കഥയെ സ്വാംശീകരിക്കുന്ന രീതി, കഥയുടെ താളം, ഭാഷ, നിരീക്ഷണം എന്നിവ എടുത്തു പറയാവുന്ന പ്രത്യേകതകളായി സുരേന്ദ്രബാബു അടയാളപ്പെടുത്തി.
ജീവിതഗന്ധികളായ കഥകളാണ് കഥാസമാഹാരത്തിലുള്ളതെന്നും വായനക്കാരനെ വിസ്മയിപ്പിക്കുന്ന വിഷയങ്ങളാണ് കഥാകാരി തെരഞ്ഞെടുക്കുന്നതെന്നും എം.ജി അരുൺ നിരീക്ഷിച്ചു. എഴുത്തുകാരന് സമൂഹത്തോടുള്ള ബാധ്യതയെ മാത്യൂ തോമസ് ഊന്നിപ്പറഞ്ഞു. മോഹൻദാസ് മായാദത്തിൻ്റെ എഴുത്തിൻ്റെ പുതുവഴികളെ പരാമർശിച്ചു.
കണക്കൂർ സുരേഷ്കുമാർ ചർച്ചയെ ഉപസംഹരിച്ചു. മറുമൊഴിയിൽ മായാദത്ത് തൻ്റെ എഴുത്തുവഴിയിൽ ഇത്തരം ചർച്ചകൾ വലിയ മുതൽക്കൂട്ടാണ് എന്ന് പറഞ്ഞു.
അക്ഷരസന്ധ്യ കൺവീണർ എം.പി. ആർ പണിക്കർ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.