സംവിധായകൻ രഞ്ജിത്തിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു;സിനിമാ പീഡനം

0

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണ കേസിൽ സംവിധായകൻ രഞ്ജിത്തിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചി കോസ്റ്റൽ ഐജി ഓഫിസിലാണ് ചോദ്യംചെയ്യൽ. പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാഗമായ കോസ്റ്റൽ എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണു ചോദ്യം ചെയ്യുന്നത് എന്നാണു വിവരം.

ഒരു സിനിമയുടെ ചർച്ചയ്ക്കിടെ രഞ്ജിത് ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചെന്നും ഇതു തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കാട്ടി ഒരി ബംഗാളി നടി നൽകിയ പരാതിയിലാണ് രഞ്ജിത്തിനെതിരെയുള്ള ആദ്യ കേസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിൽ ഐപിസി 354ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇതു ജാമ്യം ലഭിക്കുന്ന വകുപ്പാണെന്നു ചൂണ്ടിക്കാട്ടി നേരത്തെ ഹൈക്കോടതി രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയിരുന്നു.

ബെംഗളുരുവിൽ വച്ച് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയിലും രഞ്ജിത്തിനു കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു.

പരാതിക്കാരുടെ മൊഴിയെടുക്കൽ പൂർത്തിയായിക്കഴിഞ്ഞാൽ കുറ്റാരോപിതരെ ചോദ്യം ചെയ്യുന്നത് ആരംഭിക്കുമെന്ന് അന്വേഷണ സംഘം നേരത്തേ വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ഏറ്റവുമാദ്യം ആരോപണവിധേയനായ ആളുകളിൽ രഞ്ജിത്തും ഉൾപ്പെടും. തുടർന്ന് അദ്ദേഹത്തിനു ചലച്ചിത്ര അക്കാദമി ചെയര്‍മാൻ പദം രാജിവയ്ക്കേണ്ടി വന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *