വിജയ് യുടെ അവസാന ചിത്രം സംവിധാനംചെയ്യുന്നത് എച്ച്. വിനോദ്
വിജയ് വേഷമിടുന്ന അവസാനചിത്രം സംവിധാനംചെയ്യുന്നത് എച്ച്. വിനോദ്. ചെന്നൈയിൽ നടന്ന ഒരു അവാർഡ് നിശയിൽ സംവിധായകൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വിഷയത്തേക്കുറിച്ച് ഇതാദ്യമായാണ് എച്ച്. വിനോദ് പ്രതികരിക്കുന്നത്. വിജയ് യുടെ 69-ാം ചിത്രമായിരിക്കും ഇത്.
മകുടം അവാർഡ് ദാന ചടങ്ങിനിടെയാണ് ദളപതി 69 എന്ന ചിത്രത്തേക്കുറിച്ച് എച്ച്.വിനോദ് സംസാരിച്ചത്. ഈ ചടങ്ങിന്റെ മുഖ്യാതിഥിയായെത്തിയതായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ ജോണറിനേക്കുറിച്ചും വിജയ്, അജിത് എന്നിവരേക്കുറിച്ചും വിനോദ് സംസാരിച്ചു. ഇതൊരു സമ്പൂർണ കൊമേഴ്സ്യൽ സിനിമയായിരിക്കുമെന്നും രാഷ്ട്രീയമായിരിക്കില്ല ചിത്രം സംസാരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അജിത്തിനെ ‘അമൂർത്ത ചിന്താഗതിയുള്ള വ്യക്തി’ എന്നും വിജയ്‌യെ ‘ലളിതമായി ചിന്തിക്കുന്ന വ്യക്തി’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. അതേസമയം ദളപതി 69-നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അജിത്ത് നായകനായ തുണിവ് ആണ് എച്ച്.വിനോദിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
അതേസമയം വെങ്കട്ട് പ്രഭു സംവിധാനംചെയ്യുന്ന ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ആണ് വിജയ് നായകനായി ഉടൻ തിയേറ്ററുകളിലെത്തുന്നത്. സംവിധായകൻ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിൽ സ്നേഹയും മീനാക്ഷി ചൗധരിയുമാണ് നായികമാർ. വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരും ചിത്രത്തിലുണ്ട്. ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. ഇരട്ടവേഷത്തിലായിരിക്കും വിജയ് എത്തുക. ഈ വർഷം സെപ്റ്റംബർ 24-നാണ് ചിത്രം റിലീസ് ചെയ്യുക.