ഡിജിറ്റലാകാന്‍ മോട്ടര്‍ വാഹന വകുപ്പ്; ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന അന്നു തന്നെ ലൈസന്‍സ്

0

തിരുവനന്തപുരം∙  പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ഒഴിവാക്കി പൂര്‍ണമായി ഡിജിറ്റലാകാന്‍ മോട്ടര്‍ വാഹന വകുപ്പ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റിങ്ങും നിര്‍ത്തലാക്കുമെന്നു വകുപ്പ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി സി.എച്ച്.നാഗരാജു ചുമതലയേറ്റതിനു പിന്നാലെയാണ് ഡിജിറ്റല്‍ നീക്കങ്ങള്‍ വേഗത്തിലാക്കിയിരിക്കുന്നത്. ഇതുവരെ മൂന്നു സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രിന്റ് ചെയ്ത കാര്‍ഡുകളുടെ വിതരണം അവസാനിപ്പിച്ചത്. നാലാമത്തെ സംസ്ഥാനമായി കേരളം മാറും.

ഡിജിറ്റലായിക്കഴിഞ്ഞാല്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന അതേദിവസം തന്നെ ലൈസന്‍സ് കാര്‍ഡ് നല്‍കാന്‍ കഴിയും. അപേക്ഷകര്‍ക്കു വീട്ടിലെത്തി രാത്രിയോടെ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാം.ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സമയത്ത് ഡിജിലോക്കറിലുള്ള ഡിജിറ്റല്‍ കാര്‍ഡ് കാണിക്കാന്‍ കഴിയും. കാര്‍ഡിന്റെ നിലവിലത്തെ സ്ഥിതി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉദ്യോഗസ്ഥര്‍ക്കു മനസിലാക്കാം. ഡ്രൈവിങ് ലൈസന്‍സ് നിലവിലുണ്ടോ സസ്‌പെന്‍ഡ് ചെയ്തതാണോ റദ്ദാക്കിയതാണോ എന്നു തിരിച്ചറിയാനും കഴിയും.

കാര്‍ഡ് നഷ്ടപ്പെടുമെന്ന ആശങ്ക കൂടാതെ തന്നെ ഉദ്യോഗസ്ഥര്‍ക്കു കോപ്പി നല്‍കാന്‍ കഴിയും. ആളുകള്‍ക്ക് ക്യൂ ആര്‍ കോഡ് ഉള്‍പ്പെടെ കാര്‍ഡിന്റെ കോപ്പി അക്ഷയകേന്ദ്രങ്ങളില്‍നിന്നു പ്രിന്റ് എടുത്തു കൈയില്‍ കരുതാനും കഴിയും. നിലവില്‍ പ്രിന്റ് ചെയ്ത ലൈസന്‍സ് കാര്‍ഡാണ് ജനങ്ങള്‍ ഉപയോഗിച്ചു ശീലിച്ചിരിക്കുന്നത്. ഡിജിറ്റലിലേക്കു പൂര്‍ണമായി മാറണമെങ്കില്‍ പ്രിന്റിങ് അവസാനിപ്പിക്കുക മാത്രമാണ് മാര്‍ഗമെന്ന് മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *