ഡിജിറ്റൽ അറസ്റ്റ് : ചെങ്ങന്നൂർ സ്വദേശിയിൽ നിന്നും 20.5 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ
ആലപ്പുഴ : ചെങ്ങന്നൂർ സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരനിൽ നിന്നും ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി 20,50,800/- രൂപ തട്ടിയ കേസിലെ പ്രതികളിലൊരാൾ അറസ്റ്റിലായി. കർണാടക മൈസൂർ സ്വദേശിനിയായ ചന്ദ്രിക (21) എന്നയാളെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പോലീസ് ആണെന്ന പേരിൽ ആൾമാറാട്ടം നടത്തി പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. നേഹ ശർമ്മ എന്ന പേരിൽ പരാതിക്കാരനെ വാട്സാപ്പ് കാൾ വഴി ബന്ധപ്പെട്ട് മുംബൈ പോലീസ് ഹെഡ്ക്വാട്ടറിൽ നിന്നാണ് വിളിക്കുന്നതെന്നും പരാതിക്കാരന്റെ പേരിൽ ആരോ വ്യാജമായി മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും തുടങ്ങിയതായും അതുപയോഗിച്ചു കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പ്രതിഫലമായി പരാതിക്കാരൻ 25 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ തെളിവുകൾ മുംബൈ പോലീസിന്റെ പക്കലുണ്ടെന്നും അതിലേക്ക് പരാതിക്കാരനെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
തുടർന്ന് തെളിവായി പരാതിക്കാരന്റെ പേരിലുള്ള വ്യാജ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും ATM കാർഡിന്റെ ഫോട്ടോയും മറ്റും സോഷ്യൽ മീഡിയ വഴി അയച്ചുകൊടുത്തും പ്രതികൾ കൂടുതൽ വിശ്വാസം നേടി. ഇതോടെ പരാതിക്കാരൻ തങ്ങളുടെ കസ്റ്റഡിയിൽ ആണെന്നും പരാതിക്കാരന്റെ മറ്റു ബാങ്ക് അക്കൗണ്ടുകളിൽ പണമുണ്ടെങ്കിൽ ഉടനെ അവർ പറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകുമെന്നും അറിയിച്ചത് പ്രകാരമാണ് പരാതിക്കാരൻ തട്ടിപ്പുകാർ നൽകിയ രണ്ടു ബാങ്ക് അക്കൗണ്ടുകളിലേക്ക് തന്റെ അക്കൗണ്ടിൽ നിന്നും 20.5 ലക്ഷം രൂപ അയച്ചുകൊടുത്തത് .എന്നാൽ അയച്ച പണം പരിശോധനക്ക് ശേഷം തിരികെ ലഭിക്കുന്നതിനായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ തട്ടിപ്പുകാർ പ്രതികരിക്കാതിരുന്നതോടെയാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്നു മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയും ആലപ്പുഴ ജില്ലാ പോലീസ് മേധാവി ശ്രീ. എം. പി മോഹനചന്ദ്രൻ ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം 04.10.2025 തീയതി ആലപ്പുഴ സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയുമായിരുന്നു. പരാതിക്കാരന് നഷ്ടമായ പണം അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായ പ്രതി.
അന്വേഷണത്തിൽ പരാതിക്കാരന് നഷ്‌ടമായ തുകയിൽ 11.5 ലക്ഷം രൂപ പ്രതി തന്റെ ഉപയോഗത്തിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങിയതായി വെളിവായതിനെ തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ASI സജി ജോസ് , സീനിയർ സിപിഓ ഷിബു എസ് എന്നിവർ മൈസൂർ അശോകപുരത്തുള്ള പ്രതിയുടെ വാസസ്‌ഥലത്തെത്തി പ്രതിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസ് കൈപ്പറ്റിയിട്ടും പ്രതി ഹാജരാകാത്തതിനെ തുടർന്ന് മൈസൂർ അശോകപുരം എന്ന സ്‌ഥത്തെത്തി ആലപ്പുഴ സൈബർ ക്രൈം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പർ വെസ്റ്റ് ബംഗാൾ സ്വദേശിയായ സുരോജിത് ഹൽദർ എന്നയാളുടെ പേരിലുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതും ഇയാളെക്കുറിച്ചു അന്വേഷിച്ചു വരുന്നതായും പോലീസ് അറിയിച്ചു. പരാതിക്കാരനിൽ നിന്ന് പണം അയച്ചുവാങ്ങിയ മറ്റൊരു പ്രതി ആന്ധ്രാപ്രദേശിൽ ഉള്ളതായി അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. ഇയാളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പി എം. എസ് സന്തോഷിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ് പി ജോർജ്ജ് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശരത് ചന്ദ്രൻ വി എസ്, സിപിഓമാരായ റികാസ് കെ, വിദ്യ ഓ കെ, ആരതി കെ യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിനു ശേഷം മൈസൂർ ഫിഫ്ത് അഡിഷണൽ ചീഫ് ജുഡീഷ്യൽ ആൻഡ് ജെ എം എഫ് സി കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറന്റ് സഹിതം ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശ്രീ രഞ്ജിത്ത് കൃഷ്ണൻ N മുൻപാകെ ഹാജരാക്കി. ഈ കേസിലേക്ക് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു. ഈ പ്രതിയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് മഹാരാഷ്ട്ര സംസ്‌ഥാനത്തു മറ്റ് നാലു പരാതികൾ കൂടി നിലവിലുണ്ട്.
