ഡയമണ്ട് മോതിരവും 60,000 രൂപയും മോഷ്ടിച്ച പ്രതിയെ ട്രാക്കർ ഡോഗ് സച്ചിൻ്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : ഹരിയാന സ്വദേശിയായ സഞ്ജയ് കുമാർ ശർമ ബോട്ട് ജെട്ടിയിൽ മറന്നുവെച്ച ബാഗിൽനിന്നാണ് രണ്ടു ലക്ഷത്തിലേറെ രൂപ വിലവരുന്ന ഒരു വജ്ര മോതിരവും 60,000 രൂപയും മോഷ്ടിക്കപ്പെട്ടത്. ആലപ്പുഴ പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലെ കൈനകരി മീനപ്പള്ളി കായലിൽ കനോയിങ് വള്ളത്തിൽ സവാരി ചെയ്തശേഷം കൈനകരി ഇഎംഎസ് ജെട്ടിയിൽ നിന്നും 08-10-2025 തീയതി രാവിലെ 09:15 മണിയോടെ ലൈൻ ബോട്ടിൽ ആലപ്പുഴയ്ക്ക് മടങ്ങിയ ഹരിയാന സ്വദേശിയായ സഞ്ജയ് കുമാർ ശർമയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കം 10 പേർ ഉള്ള സംഘം മുക്കാൽ മണിക്കൂറിനു ശേഷം ആലപ്പുഴ മാതാ ജെട്ടിയിൽ എത്തിയപ്പോഴാണ് ബാഗ് ഈഎംഎസ് ജെട്ടിയിൽ മറന്നു വെച്ചതായി മനസ്സിലാക്കിയത്. അവർ ഉടൻതന്നെ തുഴച്ചിലിന് ഏർപ്പാടാക്കിയ സെക്കൻഡ് ഏജന്റിനെ വിവരം അറിയിച്ചു. ഏജന്റ് ഇഎംഎസ് ജെട്ടിയിൽ അന്വേഷിച്ച് എത്തി മറ്റാളുകൾ വഴി ബാഗ് കരസ്ഥമാക്കി പകൽ 11 മണിയോടെ ആലപ്പുഴയിൽ എത്തിച്ച് ഉടമസ്ഥർക്ക് കൈമാറിയ സമയം ബാഗ് തുറന്നു നോക്കിയപ്പോഴാണ് ഡയമണ്ട് മോതിരവും അറുപതിനായിരം രൂപയും നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നത്.
ഉടമസ്ഥർ ഏജന്റ് സജീവന്റെ സഹായത്തോടെ പോലീസിൽ വിവരം അറിയിക്കുകയും പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.ജി. സജികുമാറും പാർട്ടിയും ടൂറിസ്റ്റുകൾ താമസിച്ചിരുന്ന ആലപ്പുഴയിലെ റിസോർട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് 3 ദിവസത്തിനകം മോഷണം പോയ ഡയമണ്ട് മോതിരവും 45,000/- രൂപയും കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.പരാതിക്കാരായ ടൂറിസ്റ്റുകളെ കനോയിങ് വള്ളത്തിൽ കായലിലൂടെ തുഴച്ചിലിനു കൊണ്ടുപോയിരുന്ന കൈനകരി പഞ്ചായത്ത് വാർഡ് 13 മംഗലത്ത് വീട്ടിൽ അജീവ് വയസ്സ് 49 എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം കൈനകരി കേന്ദ്രീകരിച്ച് പ്രദേശവാസികളെ ആകെ ചോദ്യം ചെയ്യുകയും സംശയിക്കപ്പെട്ട പലരുടെയും വീടുകളിൽ 10 ാം തീയതി തന്നെ റെയ്ഡുകൾ നടത്തുകയും ചെയ്തു, എന്നാൽ മുതലുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംശയിക്കപ്പെടുന്നവരുടെ ഒരു ലിസ്റ്റ് അന്വേഷണസംഘം തയ്യാറാക്കിയിരുന്നു.
രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ 11-10-2025 തീയതി രാവിലെ കൈനകരി മൂലശ്ശേരി പാലത്തിന് സമീപം കെട്ടിയിരുന്ന ഏജന്റ് സജീവന്റെ കൈവശത്തിലുള്ള കനോയിങ് വള്ളം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചതിൽ മോഷണം പോയ ഡയമണ്ട് മോതിരവും 45,000 രൂപയും ഒരു പേപ്പറിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കൂടിനുള്ളിൽ ആക്കി വള്ളത്തിൽ ഇട്ടിരിക്കുന്നതായി കാണപ്പെടുകയും തുടർന്ന് വിരലടയാളവിദഗ്ധരെയും ഡോഗ് സ്ക്വാഡിനേയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയതിൽ, ജില്ലാ പോലീസ് ഡോഗ് സ്ക്വാഡിലെ സച്ചിൻ എന്ന പോലീസ് നായ മോഷണമുതലുകൾ അടങ്ങിയ പൊതിയിൽ നിന്നും മണം പിടിച്ച് ഈ സ്ഥലത്തിന് ഉദ്ദേശം 100 മീറ്റർ അകലത്തിലുള്ള അജീവിന്റെ വീടിനു സമീപം എത്തി വീടിനു ചുറ്റും സഞ്ചരിക്കുകയുണ്ടായി. തുടർന്ന് സ്ഥലത്ത് ഇല്ലാതിരുന്ന അജീവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ടൂറിസ്റ്റുകളെ കൊണ്ടുവരുന്ന മറ്റൊരു ബോട്ടിന്റെ ഏജന്റ് ആയ അനിയൻ എന്നയാൾ ജെട്ടിയിൽ മറന്നുവെച്ചിരുന്ന ബാഗ് എടുത്ത് അജീവിനെ ഏൽപ്പിച്ച സമയം അനിയൻ അറിയാതെ അജീവ് ബാഗ് തുറന്നു ഡയമണ്ട് മോതിരവും പണവും മോഷ്ടിച്ച് വീടിന് പുറത്തുള്ള ചെടികൾക്കിടയിൽ ഒളിപ്പിക്കുകയും, ശേഷം ബാഗ് പരാതിക്കാരുടെ സെക്കൻഡ് ഏജന്റ് ആയ സജീവനെ ഏൽപ്പിക്കുകയുമാണ് ഉണ്ടായത്. പിടിക്കപ്പെടും എന്ന ഭയത്തിൽ 11-10-2025 തീയതി രാവിലെ 05:30 മണിക്ക് സജീവിന്റെ വള്ളത്തിൽ മോഷണമുതലുകൾ ഉപേക്ഷിക്കുകയാണ് ഉണ്ടായത് എന്നും പ്രതി സമ്മതിച്ചു. പ്രതിയുടെ വിരലടയാളങ്ങളും ലഭ്യമായിട്ടുണ്ട്. സച്ചിൻ എന്ന പോലീസ് നായയുടെ കൃത്യതയോടെയുള്ള മണം പിടിക്കലും പ്രതിയുടെ വീട്ടിൽ കൃത്യമായി സഞ്ചരിച്ച് എത്തുകയും ചെയ്തതാണ് കേസിൽ നിർണായകമായതും പ്രതിയെ ഉറപ്പിക്കാൻ കഴിഞ്ഞതും. ഇത്തരം സന്ദർഭങ്ങളിൽ 8 കിലോമീറ്റർ ദൂരം വരെ പോലും ട്രാക്ക് ചെയ്തു വരാൻ കഴിവുള്ള നായയാണ് സച്ചിൻ. കേരള ഗ്രാമീണ കായൽ ടൂറിസത്തെ തന്നെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടായിരുന്ന ഈ കേസ് രജിസ്റ്റർ ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ലക്ഷങ്ങൾ വിലവരുന്ന മുതലുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകാൻ കഴിഞ്ഞതും പ്രതിയെ നിയമത്തിനു മുന്നിൽ എത്തിക്കാൻ കഴിഞ്ഞതും ആലപ്പുഴ ജില്ലാ പോലീസിന് അഭിമാനിക്കത്തക്ക നേട്ടമായി. പുളിങ്കുന്ന് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.ജി.സജികുമാറാണ് ഈ കേസ് അന്വേഷിച്ചത്.