കുളിമുറിയിൽ മറന്നുവച്ച വജ്രമോതിരങ്ങൾ മോഷണം പോയ കേസിൽ ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതി
കാസർകോട് : പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കവേ 7 ലക്ഷം രൂപ വിലയുള്ള വജ്ര മോതിരങ്ങൾ മോഷണം പോയതായി പരാതി. വജ്രം പതിച്ച നാലു മോതിരങ്ങളാണ് കാണാതായത്. ഹോട്ടലിൽ താമസിക്കാനെത്തിയ മുംബൈ സ്വദേശി നിഖിൽ പ്രശാന്ത് ഷാ ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതി നൽകി. ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് ബേക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. നിഖിൽ പ്രശാന്ത് ഷായും കുടുംബവും താമസിച്ച മുറിയിൽനിന്ന് മറ്റൊരു മുറിയിലേക്ക് മാറവേ, നിഖിലിന്റെ ഭാര്യ കുളിമുറിയിൽ മറന്നുവച്ച മോതിരങ്ങളാണ് കാണാതായത്. മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാർ മോഷ്ടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു