വാഹനം വിട്ടു നല്‍കണം : ദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയില്‍

കൊച്ചി: ഓപ്പറേഷന് നുംഖോറിന്റെ പേരില്‍ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന് ദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയില്‍. വാഹനങ്ങള്‍ വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാതെ വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ നടപടി റദ്ദാക്കി, പിടിച്ചെടുത്ത വാഹനം തിരികെ വിട്ടു നല്കാന് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്മാന് ആവശ്യപ്പെട്ടിട്ടുണ്ട്.ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനമാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഓപ്പറേഷന് നുംഖോറുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ രണ്ടു ലാന്‍ഡ് റോവറുകള്‍ ഉള്‍പ്പെടെ നാലു വാഹനങ്ങളാണ് കസ്റ്റംസിന്റെ സംശയ നിഴലിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് നടന് വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
വാഹനത്തിന്റെ കൈവശാവകാശം, ഉടമസ്ഥാവകാശം, വാഹനം നേരത്തെ ആരെല്ലാം ഉപയോഗിച്ചിരുന്നു, ആരില്‍ നിന്നാണ് കൈമാറിയത് തുടങ്ങിയ രേഖകള്‍ അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കാം. കസ്റ്റംസ് ഡ്യൂട്ടി അടച്ചിട്ടില്ലെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. തന്റെ പ്രതിനിധികള്‍ ചില രേഖകള്‍ ഹാജരാക്കിയെങ്കിലും അതൊന്നും പരിശോധിക്കാതെയാണ് വാഹനം പിടിച്ചെടുത്തതെന്നും ദുല്‍ഖര്‍ സല്മാന് ഹര്‍ജിയില്‍ പറയുന്നു.
ഭൂട്ടാൻ വഴി ആഢംബര കാറുകൾ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്തുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതേത്തുടർന്ന് രാജ്യവ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണ് കേരളത്തിൽ ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ പരിശോധന നടത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്തതിന് പുറമെ, ഇത്തരത്തിലുള്ള കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്കി. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കേരളത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളില്‍ നിന്നായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടന്നത്.