ധർമ്മസ്ഥല ശവസംസ്കാര കേസ്: വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ SITഅന്വേഷണം വേണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി

0
DHARMMASTHALA

ബംഗളൂരു  : ധർമ്മസ്ഥല കേസിൽ ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ സിറ്റിംഗ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം നടത്തണമെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി. ഗോപാല ഗൗഡ ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തിയ പരാതിക്കാരൻ പോലീസിൽ നിന്ന് ഇതിനകം തന്നെ സമ്മർദ്ദം നേരിടുന്നുണ്ടെന്ന് ജസ്റ്റിസ് ഗൗഡ പറഞ്ഞു. “മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങൾ വെള്ളക്കടലാസിൽ അടയാളപ്പെടുത്താൻ പോലീസ് അദ്ദേഹത്തെ നിർബന്ധിക്കുന്നതായി ആരോപിക്കപ്പെടുന്നു. കൂടാതെ, വിസിൽബ്ലോവറുടെ മൊഴി സ്വകാര്യ വ്യക്തികൾക്ക് ചോർത്തി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.”വിസിൽബ്ലോവർ പരാതി നൽകുകയും മജിസ്‌ട്രേറ്റിന് മുന്നിൽ തന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും, ഈ അവശിഷ്ടങ്ങൾ പുറത്തെടുക്കാൻ പോലീസ് തിടുക്കം കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് സ്ഥലം പോലും സന്ദർശിച്ചിട്ടില്ല. നിലവിലെ അന്വേഷണത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഇത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു,” സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ നിന്നുള്ള സിറ്റിംഗ്/വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു എസ്‌ഐടി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിസിൽബ്ലോവർക്കും അദ്ദേഹത്തിന്റെ അഭിഭാഷകർക്കും ഏതെങ്കിലും വിധത്തിൽ ഉപദ്രവം സംഭവിച്ചാൽ അവർ ഉത്തരവാദികളായിരിക്കുമെന്ന് ജസ്റ്റിസ് ഗൗഡ ആഭ്യന്തരമന്ത്രി, ഡയറക്ടർ ജനറൽ, പോലീസ് ഇൻസ്പെക്ടർ ജനറൽ എന്നിവർക്ക് മുന്നറിയിപ്പ് നൽകി.

വിസിൽബ്ലോവറിന്റെ പ്രസ്താവന ചോർന്നതിൽ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ സി.എസ്. ദ്വാരകാനാഥ് ആശങ്ക പ്രകടിപ്പിക്കുകയും ചോർച്ചകൾ അടയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആഭ്യന്തരമന്ത്രിക്ക് ഇതിനകം കത്തെഴുതിയിട്ടുണ്ടെന്നും അറിയിച്ചു.

ആരാണ് കൊല്ലപ്പെട്ട പെൺമക്കൾക്ക് നീതി തേടുന്ന ധർമ്മസ്ഥലയിലെ ‘വിസിൽബ്ലോവർ’?

കർണാടകയിലെ ബെൽത്തങ്ങാടി പട്ടണത്തിലെ ഒരു പ്രാദേശിക കോടതിക്ക് പുറത്ത് സ്ഥാപിച്ച നിരവധി ബാരിക്കേഡുക്കൾക്ക് പിന്നിൽ കഴിഞ്ഞ ദിവസം ഒത്തുകൂടിയത് നൂറുകണക്കിന് ആളുകളാണ്. അവരുടെ പലരുടെയും കൈയിൽ തങ്ങൾക്ക് നഷ്ടപ്പെട്ട പെൺമക്കളുടെയും സഹോദരിമാരുടെയും പ്രിയപ്പെട്ടവരുടെയും പ്ലക്കാർഡുകളും ഫോട്ടോകളും ഉണ്ടായിരുന്നു. ഈ സമയം പോലീസ് അകമ്പടിയോടെ തല മുതൽ കാൽ വരെ കറുത്ത മേലങ്കി ധരിച്ച ഒരു വ്യക്തി ജനക്കൂട്ടത്തിന് മുമ്പിലേക്ക് ഇറങ്ങി ചെന്നു. അത് മറ്റാരും ആയിരുന്നില്ല, ഒരു മാസത്തോളമായി കർണാടയിൽ ചർച്ച ചെയ്യപ്പെട്ട ധർമ്മസ്ഥലയിലെ കൊലപാതക പരമ്പരയുടെ സാക്ഷിയും, മനസില്ല മനസ്സോടെയാണെങ്കിലും ഈ ക്രൂരകൃത്യങ്ങളുടെ ഭാഗവുമായ ധർമ്മസ്ഥലയിലെ മുൻ ശുചിത്വ തൊഴിലാളി ആയിരുന്നു. കാലങ്ങൾക്ക് മുന്നേ കൊല്ലപ്പെട്ട പെൺമക്കളുടെ നാവായി മാറിയ, ഇപ്പോൾ അവരുടെ നീതിക്കായി പോരാടുന്ന കർണാടകയിലെ ‘വിസിൽബ്ലോവർ’ പിറന്നത് ഒറ്റദിവസം കൊണ്ടല്ല മറിച്ച് അയാളെ ഇതിന് പ്രേരിപ്പിച്ചത് കാലങ്ങളായുള്ള മനസാക്ഷിയുടെ വേട്ടയാടലാണ്.

കനത്ത പോലീസ് സംരക്ഷണത്തിലാണ് ഏകദേശം രണ്ട് പതിറ്റാണ്ടുകളായി നടന്ന ബലാത്സംഗങ്ങൾ, കൊലപാതകങ്ങൾ, സ്ത്രീകളെ കൂട്ടത്തോടെ ശവസംസ്കാരം ചെയ്യൽ എന്നിവയുടെ ഒരു പരമ്പരയെക്കുറിച്ച് മൊഴി രേഖപ്പെടുത്താൻ മുൻ ശുചിത്വ തൊഴിലാളി കോടതിയിൽ ഹാജരായത്. 1995 നും 2014 നും ഇടയിൽ, ധർമ്മസ്ഥല ക്ഷേത്ര ഭരണകൂടം ശുചിത്വ തൊഴിലാളിയായി ജോലി ചെയ്തിരുന്ന സമയത്ത്, ലൈംഗികാതിക്രമത്തിന്റെ വ്യക്തമായ ലക്ഷണങ്ങളുള്ള നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങൾ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യാൻ നിർബന്ധിതനായതായി എന്നാണ് ‘വിസിൽബ്ലോവർ’ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

പരാതി പുറത്ത് വന്നതോടെ, അവകാശവാദങ്ങൾ കർണാടകയിൽ പുതിയൊരു പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്, ഇതിന് പിന്നാലെ സമഗ്രമായ അന്വേഷണത്തിനുള്ള ആഹ്വാനങ്ങളും ഉയർന്നിട്ടുണ്ട്. വിഷയത്തെ സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മെമ്മോറാണ്ടകൾ സമർപ്പിച്ചിട്ടുണ്ട്. അതേസമയം പോലീസ് റിപ്പോർട്ട് ശുപാർശ ചെയ്താൽ, ധർമ്മസ്ഥല കൂട്ട ശവസംസ്കാര ആരോപണങ്ങളിൽ എസ്‌ ഐടി അന്വേഷണത്തിന് സംസ്ഥാന സർക്കാർ എതിരല്ലെന്ന് ജൂലൈ 18 ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു.

ജൂൺ 3 ന് പോലീസിന് എഴുതി സമർപ്പിച്ച കത്തിൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ഭയാനകമായ വിവരണങ്ങൾ ‘വിസിൽബ്ലോവർ’ വിശദീകരിച്ചിരുന്നു. ”താൻ മറവ് ചെയ്ത സ്ത്രീ ശരീരങ്ങളിൽ പലതും വസ്ത്രങ്ങളോ അടിവസ്ത്രങ്ങളോ ഇല്ലാതെയായിരുന്നു. ചിലതിൽ ലൈംഗികാതിക്രമത്തിന്റെയും അക്രമത്തിന്റെയും വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നു” അദ്ദേഹം എഴുതി.

2010-ൽ 13 വയസ്സുള്ള ഒരു സ്കൂൾ വിദ്യാർത്ഥിനിയെ ഒരു പെട്രോൾ പമ്പിന് സമീപം കുഴിച്ചിട്ട സംഭവമാണ് അദ്ദേഹം പ്രധാനമായും വിവരിച്ചത്. എല്ലാ ശവസംസ്കാരങ്ങളും ശക്തരായ വ്യക്തികളുടെ നേരിട്ടുള്ള ഭീഷണിയെത്തുടർന്നാണ് നടത്തിയെന്നായിരുന്നു ശുചികരണ തൊഴിലാളിയുടെ വാദം.

പ്രാദേശിക ദളിത് സമുദായത്തിൽ നിന്നുള്ള ഈ വിസിൽബ്ലോവർ ഏകദേശം 20 വർഷത്തോളം മഞ്ജുനാഥ ക്ഷേത്ര ബോർഡിന്റെ കീഴിൽ ജോലി ചെയ്ത് വരികയായിരുന്നു. സ്വന്തം കുടുംബത്തിലെ ഒരു പെൺകുട്ടിയെ മേലുദ്യോഗസ്ഥരുമായി ബന്ധമുള്ള ഒരാൾ ആക്രമിച്ചുവെന്നാരോപിച്ച് 2014 ഡിസംബറിൽ അദ്ദേഹം ധർമ്മസ്ഥലയിൽ നിന്ന് മാറുകയായിരുന്നു. ഒരു പതിറ്റാണ്ടോളം ഒളിവിൽ കഴിഞ്ഞ ഇയാൾ പിന്നീട് താൻ കണ്ടതും ചെയ്തതുമായ കാര്യങ്ങൾ ഓർത്ത് നീറി ജീവിക്കുകയായിരുന്നു. 2024-ൽ, കുറ്റബോധവും നിശബ്ദരാക്കപ്പെട്ടവർക്ക് ശബ്ദം നൽകാനുള്ള ആഗ്രഹവും അദ്ദേഹത്തെ സത്യം വിളിച്ച് പറയാൻ പ്രേരിപ്പിച്ചു.

“മൃതദേഹങ്ങൾക്ക് ഉചിതമായ ശവസംസ്കാരം നൽകിയാൽ, ദുരിതമനുഭവിച്ചവരുടെ ആത്മാക്കൾക്ക് സമാധാനം ലഭിക്കും, എന്റെ കുറ്റബോധവും കുറയും,” അദ്ദേഹം കത്തിൽ എഴുതി. പിന്നീട് കാലങ്ങൾക്ക് ശേഷം ക്ഷേത്രപരിസരത്തേക്ക് മടങ്ങിയെത്തിയ അദ്ദേഹം, അസ്ഥികൂട അവശിഷ്ടങ്ങളിൽ ചിലത് കുഴിച്ചെടുത്ത് അവയുടെ ഫോട്ടോയും എടുത്തു. വിശ്വാസ്യത സ്ഥാപിക്കുന്നതിനായി ഫോട്ടോഗ്രാഫിക് തെളിവുകൾ, ആധാർ കാർഡ്, പഴയ ജീവനക്കാരന്റെ ഐഡി എന്നിവയ്‌ക്കൊപ്പം അദ്ദേഹം പോലീസിന് പരാതിയും അയച്ചു.

ക്ഷേത്ര ഭരണസമിതിയിലുള്ളവർ സ്വാധീനമുള്ളവരാണ്, അധികാരമുള്ളവരെയാണ് താൻ എതിർത്തിരുന്നതെന്ന് ആ വിസിൽബ്ലോവർക്കറിയാം. കൂടാതെ തന്റെയും കുടുംബാംഗങ്ങളുടെയും ജീവൻ അപകടത്തിലാകുമെന്നും വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ടാണ്, അദ്ദേഹത്തിന്റെ നിയമോപദേശകൻ സുപ്രീം കോടതി അഭിഭാഷകൻ, കെ വി ധനഞ്ജയ്ക്ക് പ്രതിയുടെ പേര് അടങ്ങിയ ഒരു മുദ്രവച്ച കവർ സമർപ്പിച്ചത്. അദ്ദേഹത്തിനോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ അത് തുറക്കാൻ വേണ്ടിയായിരുന്നു അത്.

2012-ൽ ധർമ്മസ്ഥലയിൽ 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ദേശീയ തലത്തിൽ തന്നെ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ കേസ് ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല, പലരും പോലീസിന്റെ നിഷ്ക്രിയത്വവും ഉന്നതരുടെ ഇടപെടലും ആരോപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ശുചീകരണ തൊഴിലാളി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നതോടെ, നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ആക്ടിവിസ്റ്റുകളും നിയമ വിദഗ്ധരും ദുഃഖിതരായ കുടുംബങ്ങളും ഒന്നിച്ചെത്തിയിരിക്കുകയാണ്. കർണാടക സംസ്ഥാന വനിതാ കമ്മീഷൻ ഈ മേഖലയിലെ നിയമ നിർവ്വഹണത്തിലെ വ്യവസ്ഥാപരമായ പരാജയങ്ങൾ ഇതിനകം തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ജൂലൈ 17 ന്, വിരമിച്ച സുപ്രീം കോടതി ജഡ്ജിയായ ഗൗഡ, ഉന്നത കോടതികളിലെ ഒരു ജഡ്ജിയുടെ മേൽനോട്ടത്തിൽ ഒരു എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു. “എന്റെ മകളും തിരിച്ചറിയപ്പെടാത്ത ഇരകളിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,” 2003-ൽ ധർമ്മസ്ഥലയിലേക്കുള്ള കോളേജ് യാത്രയ്ക്കിടെ കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയായ അനന്യ ഭട്ടിന്റെ അമ്മയായ സുജാത ജൂലൈ 15-ന് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളാണിത്.

ദക്ഷിണ കന്നഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ധർമ്മസ്ഥല, ആത്മീയ പൈതൃകത്തിന് പേരുകേട്ട ഒരു തീർത്ഥാടന കേന്ദ്രമാണ്. ജൈന ഹെഗ്ഗഡെ കുടുംബമാണ് ഈ ക്ഷേത്രം നടത്തുന്നത്, രാജ്യസഭാ എംപി വീരേന്ദ്ര ഹെഗ്ഗഡെയാണ് ഇപ്പോഴത്തെ ഭരണാധികാരി. ബ്രാഹ്മണ പുരോഹിതന്മാർ നടത്തുന്ന, ഹിന്ദു ആചാരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ജൈന ട്രസ്റ്റികളാണ് എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. മഞ്ജുനാഥ ക്ഷേത്രത്തിന് കീഴിൽ, കുറച്ചധികം കാലമായി മറഞ്ഞിരിക്കുന്ന ഒരു രഹസ്യം ഒടുവിൽ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്, ഇത് വെളിപ്പെടുത്തിയിരിക്കുന്നത് ശക്തരല്ല. ഒരുകാലത്ത് മേലുദ്യോഗസ്ഥരുടെ കൈയിലെ ‘പാവയായിരുന്ന’ ശുചികരണ തൊഴിലാളി തന്നെയാണ് തന്നാൽ കുഴിച്ച് മൂടപ്പെട്ട സത്യം വീണ്ടും പുറത്ത് കൊണ്ടുവന്നത്. വരും ദിവസങ്ങളിൽ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.

(ഒരു സർക്കാർവകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് അധികാരികൾക്ക് വിവരം നല്കുന്ന ആളെയാണ് വിസിൽ ബ്ലോവർ എന്നുവിശേഷിപ്പിക്കുന്നത് (whistle-blower or whistle blower).

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *