ധനാഗമനം, കർമരംഗത്ത് ഉയർച്ച ; അനുകൂലഫലങ്ങൾ 4 കൂറുകാർക്ക്
മേടക്കൂർ : അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, ബന്ധുസമാഗമം ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ പ്രതീക്ഷിക്കാം. പലവിധ വെല്ലുവിളികളും ഏറ്റെടുക്കേണ്ടതായി വരും. ക്ഷമയും വിട്ടുവീഴ്ച മനോഭാവവും ഉണ്ടായിരിക്കണം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ ബിസിനസ് പാർട്ണറുമായി യോജിച്ച് പോകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏതൊരു കരാറിൽ ഒപ്പ് വയ്ക്കുമ്പോഴും ആലോചിച്ച് തീരുമാനങ്ങൾ എടുക്കുക. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്താൻ ആകും. രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ഗുണപ്രദമാണ്. വിവാഹ കാര്യങ്ങൾ തീരുമാനം ആകാൻ ഇടയുണ്ട്. ദാമ്പത്യ സൗഖ്യം ഉണ്ടാകും. ആത്മീയത വർധിക്കുന്നതായിരിക്കും.കൂട്ടുകെട്ടുകൾ ശ്രദ്ധിക്കേണ്ടതാണ്. ദേവിക്ക് കുങ്കുമാർച്ചന, മഹാവിഷ്ണുവിന് പാൽപായസം എന്നിവ സമർപ്പിക്കുക.
ഇടവക്കൂർ : കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ,ദൈനംദിന കാര്യങ്ങളിൽ ഊർജസ്വലതയോടെ പ്രവർത്തിക്കുന്നതാണ്. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ആഗ്രഹം പൂർത്തീകരിക്കുന്നതാണ്. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. ആത്മീയ ചിന്തകൾ വർധിക്കും. ശത്രുശല്യം വർധിക്കും. കോടതി വ്യവഹാരങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മനസ്സമാധാനക്കേട്, ഉത്കണ്ഠ എന്നിവ ഉണ്ടാകും. മറ്റുള്ളവരുമായി തർക്കിക്കാൻ ഇടനൽകരുത്. കർമരംഗത്ത് ചില മനസ്സമാധാനക്കേടുകൾ ഉണ്ടാകുന്നതാണ്. പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബന്ധുക്കളുമായും നല്ല അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമ്മയുടെ ആരോഗ്യകാര്യത്തിലും ശ്രദ്ധയുണ്ടാകണം. ബിസിനസ് രംഗം വിപുലപ്പെടുത്തി എടുക്കുവാൻ ആകും.സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, മഹാദേവന് ധാര എന്നിവ സമർപ്പിക്കുക.
മിഥുനക്കൂർ : മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, മാനസിക സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സഹോദരങ്ങളുമായി സ്വത്ത് തർക്കങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഊഹ കച്ചവടത്തിൽ വിജയിക്കും. കലാകാരന്മാർക്കും എഴുത്തുകാർക്കും ഗുണപ്രദമാണ്. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പ്രണയിതാക്കൾക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. വാക്കുകൊണ്ട് കസർത്തുന്നവർക്ക് വളരെയധികം ശ്രദ്ധയുണ്ടാകണം. ബുദ്ധിപൂർവം ചില തീരുമാനങ്ങൾ എടുക്കാൻ അവസരം ഉണ്ടാകും. ബിസിനസ് രംഗം വിപുലപ്പെടുത്തിയെടുക്കുവാനും ലാഭം കൊയ്യാനും ആകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന, ഗണപതിക്ക് കറുകമാല എന്നിവ സമർപ്പിക്കുക.
കർക്കടകക്കൂർ : പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ,ധന ധാന്യാദിവസ്ത്രാഭരണാദി ലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, അമ്മയിൽ നിന്നും നേട്ടങ്ങളും ഉണ്ടാകാം. സുഖം, സന്തോഷം എന്നിവ ഉണ്ടാകും. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങളും ഉണ്ടാകുന്നതാണ്. കുടുംബത്ത് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഏതൊരു കരാറിൽ ഒപ്പ് വയ്ക്കുമ്പോഴും അതീവശ്രദ്ധാലുക്കൾ ആയിരിക്കണം. ദേഷ്യം നിയന്ത്രിക്കണം. റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവർക്ക് ഗുണപ്രദമാണ്. കർമരംഗത്ത് ഉയർച്ച, നല്ല സന്തോഷ വാർത്തകൾ ലഭിക്കുവാനും ഇടയുണ്ട്. ബിസിനസ് രംഗത്ത് നല്ല നേട്ടങ്ങൾ ഉണ്ടാകും. പുതിയ തൊഴിൽ ലഭിക്കുന്നതിനും ഇടയാകും. ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാനാകും. ദാമ്പത്യ സൗഖ്യം കുറയാം. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ശാസ്താവിന് നീരാഞ്ജനം ഹനുമാൻ സ്വാമിക്ക് വെറ്റില മാല എന്നിവ സമർപ്പിച്ച് മുന്നോട്ടുപോവുക. ഓം നമഃശിവായ നിത്യവും ജപിക്കുകയും ചെയ്യുക.
ചിങ്ങക്കൂർ : മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ,ബന്ധുസമാഗമം. നേതൃപാടവം വർധിക്കുന്നതിനും കർമരംഗത്ത് പലവിധ വെല്ലുവിളികളെയും തരണം ചെയ്തു മുന്നോട്ടു പോകേണ്ടതായും വരും. പ്രവർത്തനങ്ങളിൽ മികവ് കുറയാനാണ് സാധ്യത. രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായി വന്നേക്കാം. സഹോദരങ്ങളും അയൽവക്കക്കാരുമായുള്ള ബന്ധം പ്രശ്നത്തിലേക്ക് ആകാൻ ഇടയുണ്ട്. ദൂരദേശ യാത്രകൾക്ക് തടസ്സങ്ങൾ ഉണ്ടാകാം. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. ദൂരദേശ യാത്രകളും തീർഥാടനയാത്രകളോ ഉണ്ടാകാൻ ഇടയുണ്ട്. ഗണപതി ഹോമം, ശനിയാഴ്ച ദിവസങ്ങളിൽ ശാസ്താവിന് നീരാഞ്ജനം എന്നിവ സമർപ്പിക്കുക.
കന്നിക്കൂർ : ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിതമായ ധനനേട്ടം, ധന ധാന്യാദി വസ്ത്രാഭരണാദി ലാഭം, കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. ധന ചെലവുകളും വർധിച്ചു നിൽക്കും. കൂട്ടുകെട്ടുകൾ വളരെയധികം ശ്രദ്ധിക്കണം. ദൂരദേശ യാത്രകളിൽ ശ്രദ്ധാലുക്കൾ ആയിരിക്കണം. യാത്രകളിൽ തടസ്സങ്ങൾ നേരിടാൻ ഇടയുണ്ട്. കർമരംഗത്ത് മേലുദ്യോഗസ്ഥരുമായും സഹപ്രവർത്തകരുമായും ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. കോടതി വ്യവഹാരങ്ങളോ കേസുകളോ വന്നു പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അമ്മയിൽ നിന്നും നേട്ടങ്ങൾക്ക് ഇടയാകും. ഭദ്രകാളി ദേവിക്ക് കടുംപായസം, ശിവാഷ്ടോത്തരം നിത്യവും ജപിക്കുകയും ചെയ്യുക.
തുലാക്കൂർ : ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ബിസിനസ് പാർട്ണറിന്റെ അഭിപ്രായങ്ങള്‍ സ്വീകരിച്ച് ചെയ്താൽ നല്ല രീതിയിൽ നേട്ടങ്ങൾ കൊയ്യാൻ ആകും. ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്നതാണ്. പലവിധ വെല്ലുവിളികളെയും തരണം ചെയ്തു മുന്നോട്ടു പോകേണ്ടതായി വരും. പുതിയ പദ്ധതികളിൽ ഏർപ്പെടാൻ വിമുഖത പ്രകടിപ്പിക്കുന്നതാണ്. എന്നാൽ എതിർലിംഗത്തിൽ പെട്ടവരും ആയി ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. അപമാനിതരാകാനും മാനഹാനികൾ ഉണ്ടാകാനും ഇടയുണ്ട്. ഞാൻ എന്ന ഭാവം ഉടലെടുക്കും. പ്രണയിതാക്കൾക്ക് ബന്ധം ഊഷ്മളമായിരിക്കും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്താൻ ആകും. ദേവിക്ക് കടുംപായസം, ഹനൂമാൻ സ്വാമിക്ക് വെണ്ണ നിവേദ്യം എന്നിവ സമർപ്പിക്കുക.
വൃശ്ചികക്കൂർ : വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്തു നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. പലവിധ ആധികളും വ്യാധികളും ഉണ്ടായേക്കാം. ഭയം. മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. സർക്കാരിന് ഫൈൻ അടയ്ക്കേണ്ടതായി വന്നേക്കാം. തൊഴിൽമാറ്റം, യാത്രകൾ, അലച്ചിലുകൾ ധനചെലവുകൾ എന്നിവ ഉണ്ടാകുന്നതാണ്. ആത്മീയത വർധിച്ചു വരുന്നതാണ്. രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ഗുണപ്രദമാണ്. കടബാധ്യതകൾ കുറഞ്ഞു വരും. ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ പ്രത്യേകം ശ്രദ്ധിക്കണം.വിദ്യാർഥികൾ പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ബിസിനസ് രംഗത്ത് ഗുണപ്രദമാണ്. ബിസിനസ് രംഗം വിപുലപ്പെടുത്തി എടുക്കുവാനും നല്ല നേട്ടങ്ങൾ കൊയ്യാനും ആകും. പ്രണയിതാക്കൾക്കും ബന്ധം ഊഷ്മളമായിരിക്കും. വിവാഹാലോചനകൾ വന്നു ചേരുന്നതാണ്. നാഗങ്ങൾക്ക് മഞ്ഞളഭിഷേകം, ശാസ്താവിന് എള്ള് നിവേദ്യം എന്നിവ സമർപ്പിക്കുക.
ധനുക്കൂർ : മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനക്കൂറുകാർക്ക് ഈ വാരത്തിൽ,സന്തോഷം, ഉയർച്ച, ഉന്നത സ്ഥാനമാനങ്ങള്‍ ഇവ ലഭിക്കുവാൻ ഇടയുണ്ട് വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല നേട്ടങ്ങൾ കൊയ്യാനാകും. അച്ഛനിൽ നിന്നും സഹായങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനും ലക്ഷ്യങ്ങൾ കൈവരിക്കാനും ആകും. കർമരംഗത്ത് നല്ല ഉയർച്ച തന്നെ പ്രതീക്ഷിക്കാം. തന്റെ സ്വതസിദ്ധമായ കഴിവുകൾ പുറത്ത് പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ വന്നു ചേരുന്നതാണ്. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുമെങ്കിലും പ്രണയിതാക്കൾക്ക് ബന്ധം ഊഷ്മളമായിരിക്കും.സന്താനങ്ങളിൽ നിന്നും പലവിധ നേട്ടങ്ങൾക്ക് ഇടയാകും. പ്രണയിതാക്കളുടെ ഇടയിൽ തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദാമ്പത്യ സൗഖ്യം കുറയാം. ആത്മീയത വർധിക്കും. ഗുരുക്കന്മാരുടെ അനുഗ്രഹാശിസ്സുകള്‍ ലഭിക്കുന്നതാണ്. സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. മുരുകന് നാരങ്ങാ മാല, നാഗങ്ങൾക്ക് മഞ്ഞൾ അഭിഷേകം, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.
മകരക്കൂർ : ഉത്രാടത്തിന്റെ ബാക്കി മുക്കാൽഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ, പേരും പ്രശസ്തിയും കർമരംഗത്ത് സ്ഥാനമാനങ്ങൾ ലഭിക്കുന്നതിനും ഇടയാകും. ഗവൺമെന്റ് ഉദ്യോഗസ്ഥർ വളരെയധികം ശ്രദ്ധാലുക്കൾ ആയിരിക്കണം. കർമരംഗത്ത് പലവിധ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പൊതുജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ടതാണ്. ക്ഷമ അത്യന്താപേക്ഷിതമാണ്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകുന്നതാണ്. സ്വത്ത് ലഭിക്കുന്നതിനും ഇടയാകും. കുടുംബത്ത് മനസ്സമാധാനം ഉണ്ടാകും. എന്നാൽ ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സന്താനങ്ങളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടുപോകാൻ ആകും. എല്ലാ കാര്യത്തിലും നല്ല ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാനാകും. അച്ഛന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ലോണുകൾ അനുവദിച്ചു കിട്ടും.ഗണപതിക്ക് കറുകമാല, ഹനൂമാൻ സ്വാമിക്ക് വെറ്റില മാലയും സമർപ്പിച്ച് മുന്നോട്ടുപോവുക.
കുംഭക്കൂർ : അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുഭക്കൂറുകാർക്ക് ഈ വാരത്തിൽ,ആത്മീയത വർധിച്ചു വരുന്നതായി കാണാം. അച്ഛനുമായോ അച്ഛൻ ബന്ധുക്കളുമായോ നല്ല ബന്ധം പുലർത്താൻ ശ്രദ്ധിക്കേണ്ടതാണ്. കഴിയുന്നതും തർക്കങ്ങൾ ഒഴിവാക്കുക. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്താൻ ആകും. ദൂരദേശ യാത്രകൾ ഉണ്ടാകാൻ ഇടയുണ്ട് എന്നാൽ തടസ്സങ്ങൾ വന്നു പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദാമ്പത്യ സൗഖ്യം കുറയാം. വിവാഹ കാര്യങ്ങളും തീരുമാനം ആകാൻ കാലതാമസം നേരിടും. പാർട്ണർഷിപ്പ് ബിസിനസിൽ ഏർപ്പെടുമ്പോൾ പ്രത്യേക ശ്രദ്ധാലുക്കൾ ആയിരിക്കണം. എന്നാൽ പുതിയ കരാറുകളിൽ ഒപ്പ് വയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ വാക്കുകളാൻ സമ്പുഷ്ടരാകും. പ്രഭാഷകർക്കും രാഷ്ട്രീയക്കാർക്കും ഗ്രന്ഥകാരൻമാർക്കും ഗുണപ്രദമാണ്. ബന്ധുക്കളുമായും സന്താനങ്ങളുമായും നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. മഹാദേവന് ധാര, ശബരിമല ദർശനവും അനിവാര്യമാണ്.
മീനക്കൂർ : പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാകാനും പാർട്ണർഷിപ്പ് ബിസിനസിൽ നല്ല ഉയർച്ചകൾ തന്നെ ഉണ്ടാകുന്നതാണ്. കർമരംഗത്ത് നല്ല സ്ഥാനമാനങ്ങളും ഉയർച്ചകളും അനുഭവിക്കാൻ ഇടയാകും. എന്നാൽ യാത്രകളിൽ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധാലുക്കൾ ആയിരിക്കണം. ഏതൊരു ധന ഇടപാടുകളിലും രേഖകൾ പരിശോധിച്ചതിന് ശേഷം മുന്നോട്ടു പോകേണ്ടതാണ്. സർക്കാരിന് നികുതി ഇനത്തിൽ വാഹനം കൈകാര്യം ചെയ്യുന്നത് വഴി ഫൈൻ അടയ്ക്കേണ്ടതായി വന്നേക്കാം. ശത്രു ശല്യം വർധിക്കാം. കോടതി കേസുകളോ വ്യവഹാരങ്ങളോ ഉണ്ടാകാൻ ഇടയുണ്ട്. ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാകും. ക്ഷമ അത്യന്താപേക്ഷിതമാണ്. കുടുംബത്ത് സമാധാനക്കേടുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾ പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകും. വാക്കുകൾ കഠിനമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നാഗങ്ങൾക്ക് മഞ്ഞളഭിഷേകം, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, നിത്യവും വിഷ്ണു സഹസ്രനാമം ജപിക്കുകയും ചെയ്യുക.