ഡിജിറ്റല്‍ നേട്ടവുമായി മമ്മൂട്ടി; പുഴുവിൻ്റെ ഡിഎന്‍എഫ്ടി പുറത്തിറക്കി
കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്.
ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടി ലോകത്തേക്കാണ് മമ്മൂട്ടി കടന്നു ചെല്ലുന്നത്. ജാതി രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിൻ്റെ ഡിഎന്‍എഫ്ടി പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി ഡിഎന്‍എഫ്ടി ഡയറക്ടര്‍ സുഭാഷ് മാനുവലിന് ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക രത്തീന, നിര്‍മ്മാതാവ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളില്‍ മാറാതെ നില്‍ക്കുന്ന ജാതി എന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയ ചിത്രമാണ് പുഴു. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിലെ സവിശേഷമായ ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ ഡിഎന്‍എഫ്ടിയാണ് പുറത്തിറക്കിയത്. ആനന്ദ് ടിവി അവാര്‍ഡുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ മമ്മൂട്ടി തനിക്ക് നല്‍കിയ പ്രചോദനമാണ് ഡിഎന്‍എഫ്ടിയുടെ പിറവിക്ക് കാരണമായതെന്ന് സുഭാഷ് മാനുവല്‍ പറഞ്ഞു.