അതിരുകൾ തിട്ടപ്പെടുത്തതിന് ഡിജിറ്റൽ സർവേ പരിഗണനയിൽ – റവന്യു മന്ത്രി
തിരുവനന്തപുരം: ദേവികുളം കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് റവന്യൂ, ഫോറസ്റ്റ്, സർവ്വെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് സ്ഥലം എം.എൽ.എയുടെ സാന്നിധ്യത്തിൽ അടിയന്തരമായി യോഗം വിളിച്ചു ചേർക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ. രാജൻ.
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകൾ നിർണ്ണയിക്കുക, ഭൂമി പ്രശ്നം പരിഹരിക്കുക, സർവേ നടത്തുക, പട്ടയങ്ങളുടെ ആധികാരികത പരിശോധിക്കുക, ഉദ്ദേശവിജ്ഞാപനത്തിൽപ്പെട്ട ഭൂമിയിൽ താമസിച്ച് കൃഷിചെയ്ത് വരുന്നവരെ ഒഴിപ്പിക്കാതെ അവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിവയാണ് പരിഹരിക്കപ്പെടേണ്ട പ്രധാനപ്പെട്ട പ്രശ്നങ്ങൾ. ഇതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വനഭൂമിയും പട്ടയഭൂമിയും തിട്ടപ്പെടുത്തേണ്ടതുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് കുറിഞ്ഞിമല ഉദ്യാനത്തിന്റെ സെറ്റിൽമെന്റ് ഓഫീസറായി പ്രത്യേക ചുമതല നൽകി ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യവും സർക്കാരിന്‍റെ പരിഗണനയിലാണ്.
ഇതോടൊപ്പം വിജ്ഞാപനവുമായി ബന്ധപ്പെട്ട ചില നിയമ പ്രശ്നങ്ങളിൽ അഡ്വക്കേറ്റ് ജനറലിനോട് ഒരു നിയമോപദേശം സ്പെഷ്യൽ ഓഫീസർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരുടെ ഒരു യോഗം നടത്തിയെങ്കിലും നിയമോപദേശം ലഭ്യമാക്കിയിട്ടില്ല. നിയമോപദേശം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ സ്പെഷ്യൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സങ്കേതത്തിന്‍റെ അതിരുകൾ തിട്ടപ്പെടുത്തതിന് പ്രസ്തുത വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടത്തുന്ന കാര്യവും സർക്കാരിൻറെ പരിഗണനയിലാണെന്നും നിയമസഭയിൽ എ രാജ എം.എൽ.എയുടെ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി പറഞ്ഞു.
ദേവികുളം താലൂക്കിലെ വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പർ 62, കൊട്ടക്കാമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58, എന്നിവയിൽപെട്ട പട്ടയഭൂമി ഒഴിവാക്കിയുള്ള ഏകദേശം 3200 ഹെക്ടർ ഭൂമിയാണ് കുറിഞ്ഞിമല ഉദ്യാനം രൂപവത്കരിക്കുന്നതിനായി 1972 ലെ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം 2006 ൽ വനം വകുപ്പ് ഉദ്ദേശവിജ്ഞാപനം പുറപ്പെടുവിച്ചത്. ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസറായി ദേവികുളം ആർ.ഡി.ഒയെ 2015 ൽ നിയമിച്ചു. ഉദ്ദേശവിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശത്തെ ജനങ്ങളുടെ ഭൂമിയിൻമേലുള്ള അവകാശങ്ങൾ പരിശോധിക്കാനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും ഓരോ തണ്ടപ്പേർ കക്ഷിയേയും നേരിൽ കേട്ട് രേഖകൾ പരിശോധിച്ച് കൈവശക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചുമതലകൾ സെറ്റിൽമെന്റ് ഓഫീസർക്ക് നൽകിയിരുന്നു.
വനം വകുപ്പിന്റെ ഉദ്ദേശവിജ്ഞാപനത്തിൽ ഉൾപ്പെട്ട പട്ടയഭൂമികൾ ഒഴിവാക്കിയുള്ള ഭൂമിയുടെ അതിരുകൾ പുനർനിർണ്ണയം ചെയ്ത് കുറിഞ്ഞിമല സങ്കേതത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ 2018 ലും 2020 ലും റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വന നിയമ പ്രകാരവും ഭൂപതിവ് നിയമ പ്രകാരവുമുള്ള കളക്ടറുടെ അധികാരം നൽകി സ്പെഷ്യൽ ഓഫീസർമാരായി നിയമിക്കപ്പെടുന്നത് സബ് കളക്ടർമാരാണ്. എന്നാൽ ഒരു മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ ഇക്കാര്യത്തിൽ നിയമിക്കണമെന്ന ഉദ്ദേശത്തോടെ കുറിഞ്ഞിമല സങ്കേതത്തിന്റെ കാര്യനിർവ്വഹണത്തിനായി ലാന്‍ഡ് റവന്യൂ ജോ. കമ്മിഷണറായിരുന്ന ഡോ. എ കൗശികനെ സ്പെഷ്യൽ ഓഫീസറായി 2020 ൽ നിയമിച്ചിരുന്നു. റവന്യൂ ഹെഡ് ഓഫീസിൽ പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് ഇടുക്കി ജില്ലയിലുള്ള ഈ ചുമതല കാര്യക്ഷമമായി നിർവ്വഹിക്കാൻ സാധിക്കുകയില്ല എന്ന് വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ തന്നെയുള്ള ദേവികുളം സബ് കളക്ടർക്ക് കുറിഞ്ഞിമല സങ്കേതത്തിൻറെ അധിക ചുമതല നൽകി.
സെറ്റിൽമെന്റ് ഓഫീസറാണ് ഉദ്യാന പ്രദേശത്തുള്ള പട്ടയഭൂമിയുടെ തണ്ടപ്പേർ പരിശോധന നടത്തേണ്ടത്. ദേവികുളം സബ് കളക്ടർ നിലവിൽ ഇടുക്കി ഡെവലപ്മെന്റ് കമ്മിഷണർ, ഇടുക്കി പാക്കേജിൻറെ സ്പെഷ്യൽ ഓഫീസർ, മാങ്കുളം, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ റിസർവ് ഫോറസ്റ്റുകളുടേയും, നാഷണൽ പാർക്കുകളുടേയും സെറ്റിൽമെന്റ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നതിനാൽ കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റിൽമെന്റ് നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.