ദേവേന്ദ്ര ഫഡ്‌നാവീസ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും . ഏക്‌നാഥ് ശിന്ദേ ?
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് വൈകിട്ട് 5.30ന് മുംബൈയിലെ ആസാദ് മൈതാനിയിൽ സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും ഏകനാഥ് ശിന്ദേ യുടെ സ്ഥാനത്തെച്ചൊല്ലി അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. പല മാധ്യമങ്ങളും ശിന്ദേയെ ഉപമുഖ്യമന്ത്രിയാക്കി കഴിഞ്ഞെങ്കിലും നേരിട്ടുള്ള ചോദ്യത്തിന് അദ്ധേഹം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
മഹായുതിയുടെ പങ്കാളികളായ ബിജെപിയും ശിവസേനയും എൻസിപിയും തമ്മിലുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും മറ്റാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്ര മന്ത്രിസഭയിൽ 43 അംഗങ്ങളുണ്ടാകും.
പരിപാടിക്കായി വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ആസാദ് മൈതാനത്തിൻ്റെ വേദിക്ക് ചുറ്റും കർശനമായ സുരക്ഷാ നടപടികൾ പോലീസ് പ്രഖ്യാപിച്ചു, നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലും നിലവിലുണ്ട്. സി എസ് എം ടി ജംക്‌ഷൻ മുതൽ വാസുദേവ് ബലവന്ത് ഫഡകെ ചൗക്ക് (മെട്രോ ജംക്‌ഷൻ) വഴി അടച്ചിടും.
എൽ ടി മാർഗ് – ചക്കാല ജംഗ്ഷൻ – വലത് തിരിവ് – ഡി എൻ റോഡ് – സി എസ് എം ടി ജംഗ്ഷൻ റൂട്ട് തിരഞ്ഞെടുക്കാൻ വാഹനമോടിക്കുന്നവരോട് അധികൃതർ നിർദ്ദേശിച്ചു.