ദേവേന്ദ്ര ഫഡ്‌നാവിസ് -ഏകനാഥ് ശിന്ദേ കൂടിക്കാഴ്ച ഇന്ന് നടന്നു.
മുംബൈ: അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള മഹായുതി സഖ്യത്തിലെ അനിശ്ചിതത്വത്തിനിടയിൽ, മുതിർന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് വൈകുന്നേരം ഏക്‌നാഥ് ശിന്ദേയെ കാണാനായി മുഖ്യമന്ത്രിയുടെ വസതിയായ ‘വർഷ ‘യിലെത്തി. മഹായുതി നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു .
സത്യപ്രതിജ്ഞ, ബി.ജെ.പി.യുടെ നിയമസഭാ കക്ഷി നേതാവിൻ്റെ തിരഞ്ഞെടുപ്പ്, വകുപ്പ് എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന ചർച്ച യോഗത്തിൽ നടന്നു. ഏതാനും ശിവസേന നേതാക്കൾ ഡിസംബർ 5 ന് സത്യപ്രതിജ്ഞ ചെയ്യും. അവരുടെ തിരഞ്ഞെടുപ്പും പേരുകളും പാർട്ടി നൽകും. സർക്കാർ രൂപീകരണങ്ങളെ കുറിച്ചുള്ള ചർച്ച നാളെ നടക്കുന്ന ബിജെപിയുടെ യോഗത്തിന് ശേഷം തീരുമാനിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് യഥാക്രമം ബിജെപിയെയും ശിവസേനയെയും പ്രതിനിധീകരിക്കുന്ന രണ്ട് നേതാക്കൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ബിജെപി നേതാവും മുൻ മന്ത്രിയുമായ ഗിരീഷ് മഹാജനും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ശിന്ദേയെ രണ്ടുതവണ സന്ദർശിച്ചിരുന്നു .
ഡിസംബർ 5 ന് ആസാദ് മൈതാനിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി, മഹായുതി നേതാക്കളുടെ യോഗം വലിയ പ്രാധാന്യമർഹിക്കുന്നു, പ്രത്യേകിച്ച് അധികാരം പങ്കിടുന്നതിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്ന് ജനങ്ങൾക്ക് തോന്നുന്ന സാഹചര്യത്തിൽ.
നവംബർ 23ന് ഫലം പ്രഖ്യാപിച്ച മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 132 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നിൽക്കുന്നു . ബിജെപിയുടെ മഹായുതി പങ്കാളികളായ ശിവസേനയും എൻസിപിയും യഥാക്രമം 57, 41 സീറ്റുകൾ നേടി.