ശബരിമലയുടെ വികസനം: 778 കോടി രൂപയുടെ നവ പദ്ധതികൾ
തിരുവനന്തപുരം: 778.17 കോടി രൂപയുടെ ശബരിമല ലേ ഔട്ട് പ്ലാനിന് സംസ്ഥാന മന്ത്രിസഭ യോഗം അംഗീകാരം നൽകി. ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയാറാക്കിയ സന്നിധാനത്തിൻ്റെയും പമ്പ ആൻഡ് ട്രക്ക് റൂട്ടിൻ്റെയും ലേ ഔട്ട് പ്ലാനിനാണ് അനുമതിയായത്.
സന്നിധാനത്തിൻ്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ നിലനിർത്തിയുള്ള വികസനത്തിനായി ആദ്യഘട്ടത്തില്‍ 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.
ഈ മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ലേഔട്ട് പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. മകരവിളക്കിൻ്റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം ക്രൗഡ് മാനേജ്‌മെൻ്റിനെ പിന്തുണക്കുന്നതിനായി രണ്ട് ഓപ്പണ്‍ പ്ലാസകളും ലേഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാനനപാതയിലൂടെയുള്ള തീഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രക്ക് ഉതകുന്ന വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയിലൂന്നിയാണ് ട്രക്ക്‌റൂട്ട് ലേഔട്ട് പ്ലാന്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം ഒരു എമര്‍ജന്‍സി വാഹന പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പുനസ്ഥാപനത്തെ പിന്‍തുണയ്ക്കുന്നതിനായി ട്രക്ക്‌റൂട്ടിൻ്റെ ഇരുവശത്തും ബഫര്‍സോണും പ്ലാന്‍ പ്രകാരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയുടെ വികസനത്തിനായി ആദ്യഘട്ടത്തിന് 184.75 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്.
ട്രക്ക്‌റൂട്ടിൻ്റെ വികസനത്തിനായി ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും രണ്ടാം ഘട്ടത്തിന് 15.50 കോടിരൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. പമ്പയുടെയും ട്രക്ക്‌റൂട്ടിൻ്റെയും വികസനത്തിനായി ലേഔട്ട് പ്രകാരം ആകെ ചിലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്.
മകരവിളക്ക് മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഹൈകോടതിയുടെ നിർദ്ദേശം പരിഗണിച്ചും പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുമായുള്ള കൂടിയാലോചനക്ക് ശേഷവുമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 9 മുതൽ വെർച്ച്വൽ ക്യൂ ബുക്കിങ്ങ് 50,000 ആയും തത്സമയ ബുക്കിങ്ങ് 5,000 ആയും നിജപ്പെടുത്തും. ജനുവരി 13ന് 50,000 ആയും മകരവിളക്ക് ദിവസമായ ജനുവരി 14ന് 40,000 ആയും മകരവിളക്ക് കഴിഞ്ഞ് അടുത്ത ദിവസമായ 15ന് 60,000 ആയും നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 9 മുതൽ തത്സമയ ബുക്കിങ്ങ് സംവിധാനം നിലയ്ക്കലേക്ക് മാറ്റും. ഭഗവാനെക്കണ്ട് തിരിച്ചിറങ്ങുന്നവരും ബുക്കിങ്ങിന് നിൽക്കുന്നവരും ചേർന്നുള്ള തിരക്ക് ഒഴിവാക്കാനാണ് ഈ ക്രമീകരണമെന്ന് ദേവസ്വം പ്രസിഡൻ്റ് പറഞ്ഞു.
ജനുവരി 10 മുതൽ സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങൾ മലയിറങ്ങാതെ മകരവിളക്ക് ദർശിക്കുന്നതിന് സന്നിധാനത്ത് തങ്ങാൻ സാധ്യതയുണ്ട്. മകരവിളക്ക് ദർശിച്ച ശേഷം ഇവർ കൂട്ടത്തോടെ പമ്പയിലേക്ക് എത്താനും സാധ്യതയുണ്ട്.
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വരുന്ന അയ്യപ്പഭക്തരും മലയിറങ്ങുന്നവരും ചേർന്ന് തിരക്ക് രൂക്ഷമാകാതിരിക്കാൻ ജനുവരി 15-ാം തിയതി മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയുള്ള സ്ലോട്ടുകളിൽ ബുക്ക് ചെയ്‌ത അയ്യപ്പഭക്തർ വൈകുന്നേരം 6ന് ശേഷം എത്തണം.
വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇത് സംബന്ധിച്ച് മെസേജ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തത്സമയ ബുക്കിങ്ങ് 15 മുതൽ 11 മണിക്ക് ശേഷമേ ഉണ്ടാകൂ എന്നും സുരക്ഷിതവും സുഗമവുമായ അയ്യപ്പദർശനം എല്ലാവർക്കും സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.