കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ളവ ഗാനവും ‘ ഡിഫി’ കൊടിയും; വിമർശിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്.

0

കൊല്ലം: കടയ്ക്കല്‍ ദേവീക്ഷേത്രത്തിൽ തിരുവാതിരയോട് അനുബന്ധിച്ച് നടന്ന സംഗീതപരിപാടിയില്‍ സിപിഎമ്മിന്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും. സിപിഎം, ഡിവൈഎഫ്ഐ കൊടികളുടേയും തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റേയും പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രചാരണഗാനങ്ങള്‍ പാടിയതിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഏത് രാഷ്ട്രീയ പാർട്ടിയായാലും സംഭവിച്ചത് ശരിയല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഉപദേശക നോട്ടീസ് നൽകുമെന്നും ദേവസ്വം വിജിലൻസ് എസ് പിയോട് അന്വേഷിച്ച റിപ്പോർട്ട് നൽകാൻ ബോർഡ് ആവശ്യപ്പെട്ടതായും പി എസ് പ്രശാന്ത് പറഞ്ഞു.
ക്ഷേത്രങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ അടയാളം പാടില്ലെന്ന് കോടതി നിർദ്ദേശമുണ്ട്. ഉപദേശക സമിതിക്ക് വീഴ്ച ഉണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായുള്ള സംഗീത പരിപാടിയിലാണ് വിപ്ലവഗാനങ്ങൾ ആലപിച്ചത്.

സിപിഎമ്മിന്റെ സംഘടനയായ വ്യാപാരി വ്യവസായി സമിതി മടത്തറ , ആൾത്തറമൂട് യൂണിറ്റുകൾ, വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ കമ്മിറ്റി എന്നിവരുടെ വഴിപാടായാണ് സംഗീത പരിപാടി നടത്തിയത്. ഗസൽ,വിപ്ലവ ഗായകനായ കണ്ണൂർ സ്വദേശി അലോഷി ആദമാണ് “പുഷ്പനെ അറിയാമോ” എന്ന വിപ്ളവഗാനം പാടിയത്. അലോഷിയുടെ പാട്ട് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചതോടെ വിമർശനമായി.എന്നാൽ സദസ്സിൽ നിന്ന് ആവശ്യപ്പെട്ടപ്പോൾ ഗായകൻ അലോഷി പാടിയെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം.

ക്ഷേത്രങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശം അടക്കം നിലനിൽക്കുമ്പോഴാണ് ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ വിപ്ലവഗാനാലാപനം. മുൻപ് നവകേരള സദസ്സിന് വേണ്ടി ക്ഷേത്ര മൈതാനം വിട്ടു നൽകിയത് വിവാദം ആവുകയും കോടതി ഇടപെടൽ വന്നപ്പോള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.

ക്ഷേത്രത്തിൽ പാർട്ടിഗാനങ്ങൾ പാടിയതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡ സതീശൻനും പ്രതിഷേധിച്ചിരുന്നു .സാമൂഹ്യമാധ്യമങ്ങളിലും വിശ്വാസികളുടെ ഭാഗത്തുനിന്ന് വലിയ വിമർശനമാണ് ഉയർന്നത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *