‘ദേവദൂതനെ’ ചുമരിൽ ചാലിച്ച ഇത്തിത്താനം സ്വദേശി ശ്രീരാജ്; ഫോൺ വിളിച്ച് അഭിനന്ദിച്ച് മോഹൻലാൽ

0

‘ദേവദൂതനെ’ ചുമരിൽ ചാലിച്ച ഇത്തിത്താനം സ്വദേശിയെ തേടി നടൻ മോഹൻലാലിന്റെ ഫോൺ വിളി. ചിത്രരചനയിലെ വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ ഇത്തിത്താനം ചിറവംമുട്ടം രഞ്ജിത്ത് ഭവനിൽ ആർ. ശ്രീരാജാണ് (25) ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം. സിബി മലയിൽ സംവിധാനം ചെയ്‌ത ‘ദേവദൂതൻ’ സിനിമയിലെ നടൻ മോഹൻലാൽ അവതരിപ്പിച്ച വിശാൽ കൃഷ്‌ണമൂർത്തിയെയാണ് തന്റെ വീടിന്റെ ചുമരിൽ തീർത്തത്. റീ റിലീസിങ്ങിലൂടെ തിയറ്ററുകളിൽ വീണ്ടും ദേവദൂതൻ നിറഞ്ഞോടുമ്പോഴാണ് ശ്രീരാജിന്റെ ദേവദൂതനും സൂപ്പർ ഹിറ്റാകുന്നത്. വെറും ചോക്കുകൾ ഉപയോഗിച്ച് മൂന്ന് ദിവസങ്ങളിലായി 22 മണിക്കൂറെടുത്താണ് ചിത്രം പൂർത്തിയാക്കിയത് ഇതിന്റെ വിഡിയോ ‘ആർട്ട് ലൗവർ ശ്രീ’ എന്ന തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രീരാജ് കഴിഞ്ഞ ദിവസം പങ്കു വയ്ക്കുകയും ചെയ്‌തു.

വിഡിയോ വൈറലായതോടെ നടന്റെ ശ്രദ്ധയിൽപെട്ടു. ഒടുവിൽ മോഹൻലാൽ ഫോൺ വിളിച്ച് അഭിന്ദനമറിയിച്ചു. അദ്ദേഹം തന്നെ ഈ വിഡിയോ പല സിനിമ സുഹൃത്തുക്കൾക്കു അയച്ചു നൽകുകയും ചെയ്‌തു. ഇങ്ങനെയും ഒട്ടേറെ സിനിമാക്കാരുടെ വിളികൾ ശ്രീരാജിനെ തേടിയെത്തി. ഫേസ്ബുക്കിലും ഇൻസ്‌റ്റാഗ്രാമിലും കാഴ്‌ചക്കാരുടെ എണ്ണം ഇതിനോടകം തന്നെ മില്യണുകൾ കടന്നു. നടൻ പ്രിഥ്വിരാജിന്റെയും കുടുംബത്തിന്റെയും ചിത്രം അരിമണി ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതിനു ശ്രീരാജിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ലഭിച്ചിരുന്നു. ഒട്ടേറെ ചലച്ചിത്ര താരങ്ങളുടെ ചിത്രങ്ങൾ ഇത്തരത്തിൽ നിർമിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ പ്രോ‌സ്മെറ്റിക് (കഥാപാത്രങ്ങൾക്ക് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ജോലി) വർക്കുകൾ ചെയ്യുകയാണ് ശ്രീരാജ് മേക്കപ്പ് കലാകാരൻമാരായ പട്ടണം റഷീദ്, നരസിംഹസ്വാമി എന്നിവരുടെ കീഴിലാണ് ജോലി ചെയ്യുന്നത് രാധാകൃഷ്ണ‌ൻ നായരുടെയും മണിയമ്മയുടെയും ഇളയമകനാണ്. രാജേഷ്, രജനീകാന്ത്, ശ്രീകാന്ത് എന്നിവർ സഹോദരങ്ങളാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *