ബാങ്കിലെ ക്രമക്കേട്: സഹകരണ സംഘം പ്രസിഡന്റ് ജീവനൊടുക്കി
തിരുവനന്തപുരം: ബാങ്കിലെ ക്രമക്കേടുകളെ സംബന്ധിച്ച് പ്രതിഷേധം കനത്തതോടെ സഹകരണ സംഘം പ്രസിഡന്റ് തൂങ്ങിമരിച്ചു. മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡൻ്റായിരുന്ന മുണ്ടേല മോഹനനാണ് മരിച്ചത്. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. തൂങ്ങിമരിച്ച നിലയിലാണ് മോഹനനെ കണ്ടെത്തിയത്. ബാങ്കിലെ നിക്ഷേപത്തുകയുമായി ബന്ധപ്പെട്ട് ഇന്നലെ നിക്ഷേപകർ ബാങ്കിന് മുൻപിൽ വലിയ പ്രതിഷേധം നടത്തിയിരുന്നു.
വൈകീട്ട് 4 മണിക്ക് തുടങ്ങിയ പ്രതിഷേധ സമരം രാത്രി 8 മണിവരെ നീണ്ടുനിന്നിരുന്നു. ബാങ്കിലെ ക്രമക്കേടുകളെ തുടർന്ന് പ്രതിഷേധ സമരങ്ങൾ നിരന്തരമായി ഉണ്ടാകുമായിരുന്നു. 500 ഓളം നിക്ഷേപകർ ബാങ്കിനെതിരെ പരാതി നൽകിയിട്ടുണ്ട്. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉണ്ടാകുമെന്നും പ്രതിഷേധക്കാരെ അറിയിച്ചിരുന്നതാണ്. ഇതിന് പിന്നാലെയാണ് സഹകരണ സംഘം പ്രസിഡന്റിന്റെ ആത്മഹത്യ.