ഡൽഹിയിൽ കാണാതായ മലയാളി യുവതി മരിച്ച നിലയിൽ; കാമുകൻ കൊന്നതെന്ന് നിഗമനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ഫ്രെബുവരി 24ന് കാണാതായ യുവതി നരേലയിലെ പ്ലേസ്കൂളില്‍ മരിച്ച നിലയില്‍. നരേലയിലെ സ്വതന്ത്ര നഗര്‍ സ്വദേശിയായ വര്‍ഷ(32)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബിസിനസ് പങ്കാളിയായ സോഹന്‍ ലാല്‍ ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ നിഗമനം.സോഹനൊപ്പം ഗോണ്ട റോഡില്‍ ടിനി ഡ്രീം ബെറി എന്ന പേരില്‍ വര്‍ഷ ഒരു പ്ലേസ്കൂള്‍ തുടങ്ങിയിരുന്നു. ഫെബ്രുവരി 23ന് വീട്ടില്‍ നിന്നും സ്കൂട്ടറില്‍ പുറപ്പെട്ട വര്‍ഷയെ സോഹനൊപ്പമാണ് അവസാനം കണ്ടെതെന്ന് പിതാവ് വിജയ് കുമാറും പറഞ്ഞിരുന്നു.
ഫെബ്രുവരി 24-ന് വര്‍ഷയുടെ ഫോണിലേക്ക് വിജയ് കുമാര്‍ വിളിച്ചപ്പോള്‍ സോഹനായിരുന്നു ഫോണ്‍ എടുത്തിരുന്നത്. ഹർഷണയിലെ സോനിപത്തിൽ ഒരു റെയില്‍വേ സ്റ്റേഷനരികെയാണ് താന്‍ ഉള്ളതെന്നും ട്രെയിനിന് മുന്നില്‍ ചാടി താന്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.
പിന്നാലെ വിജയ് കുമാറിനെ ഇയാള്‍ വീഡിയോ കോളും ചെയ്തിരുന്നു. ഉടനെ വിജയ് ഹർഷണയില് എത്തിയെങ്കിലും സോഹനെ ഇവിടെ കണ്ടെത്താനായില്ല. ഇതോടെ വിജയകുമാര്‍ മകളെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്കി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വർഷയുടെ മൃതദേഹം കണ്ടെത്തിയത്.