ഡൽഹി സർക്കാർ നടത്തിയ ക്ലൗഡ് സീഡിങ് പരാജയപ്പെട്ടു
ന്യൂഡൽഹി : വായുമലിനീകരണം രൂക്ഷമായിത്തുടരുന്ന രാജ്യതലസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാൻ ഡൽഹി സർക്കാർ നടത്തിയ ക്ലൗഡ് സീഡിങ് പരാജയപ്പെട്ടു. കാൻപുർ ഐഐടിയുമായി സഹകരിച്ച് വ്യാഴാഴ്ച പകലായിരുന്നു പരീക്ഷണം. 1.2 കോടി രൂപയോളം ചെലവിട്ടാണ് പരീക്ഷണം നടത്തിയത്. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ ഡൽഹിയിലും മറ്റു ഭാഗങ്ങളിലും നടത്തിയ രണ്ട് ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങൾ മഴ പെയ്യിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഡൽഹിയിലെ പരിസ്ഥിതി മന്ത്രി ഈ ശ്രമത്തെ ‘വിജയകരം’ എന്ന് വിശേഷിപ്പിച്ചു.
വരുംദിവസങ്ങളിൽ പത്തോളം പരീക്ഷണങ്ങൾക്ക് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മഴപെയ്യാൻ സാധ്യതയുണ്ടെന്നുമാണ് ഐഐടി അധികൃതർ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ശൈത്യകാലമാസങ്ങളിൽ വായുമലിനീകരണം കൂടുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ കൃത്രിമമഴയ്ക്ക് ശ്രമംനടത്തുന്നത്. മേഘങ്ങളിൽ സിൽവർ അയഡൈഡ്, സോഡിയം ക്ലോറൈഡ് സംയുക്തങ്ങൾ നിക്ഷേപിച്ച് കൃത്രിമമായി മഴപെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിങ്.
ഐഐടി കാൺപൂർ പ്രവർത്തിപ്പിക്കുന്ന ഒരു ചെറിയ വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. കാറ്റിന്റെ വേഗത, നിലവിലുള്ള മഴമേഘങ്ങൾ എന്നിവയ്ക്കനുസൃതമായിട്ടാണ് പരീക്ഷണം വിജയിക്കാനുള്ള സാധ്യത. ഡൽഹിയിലെ നിലവിലെ കാലവസ്ഥയിൽ പരീക്ഷണം വിജയിക്കാനുള്ള സാധ്യത കുറവായിരുന്നെങ്കിലും ചൊവ്വാഴ്ച ഒന്നോ രണ്ടോ തവണ നേരിയ മഴയോ ചാറ്റൽ മഴയോ ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമാണ് പരീക്ഷണം നടത്താൻ ഡൽഹി സർക്കാരിനെയും ഐഐടി കാൺപൂരിനെയും പ്രേരിപ്പിച്ചത്. കഴിഞ്ഞയാഴ്ച ബുറാഡി മേഖലയിൽ പരീക്ഷണം നടത്തിയെങ്കിലും മഴയ്ക്കായി 50 ശതമാനമെങ്കിലും വേണ്ടിയിരുന്ന അന്തരീക്ഷ ഈർപ്പം ഇല്ലാതിരുന്നതിനാൽ വിജയിച്ചില്ല. പരീക്ഷണം നടത്താൻ കാൻപുർ ഐഐടിക്ക് കേന്ദ്രം നേരത്തേ അനുമതിനൽകിയിരുന്നു.
