കേരളം കേസ് കൊടുത്തതിൽ കേന്ദ്രം അതൃപ്തിയിൽ; ചർച്ച പരാജയം
ന്യൂ ഡൽഹി: കടമെടുപ്പ് പരിധിയിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം കേന്ദ്രവും കേരളവും നടത്തിയ ചർച്ച പരാജയമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതിൽ കേന്ദ്രം അതൃപ്തിയിലാണെന്നാണ് ചർച്ചയിൽ പങ്കെടുത്തതിൽ നിന്നും വ്യക്തമായത്. കേരളം സുപ്രീം കോടതിയിൽ കേസ് നൽകിയത് ചർച്ചയിൽ ധനവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടി. കേസ് സുപ്രീം കോടതിയിൽ നിൽക്കുകയാണ്.
കേസ് കൊടുത്തതിൽ കേന്ദ്രത്തിന് ഈഗോ പ്രശ്നം ഉണ്ടാകേണ്ട കാര്യമില്ല. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഇനി എന്ത് നിലപാട് അറിയിക്കുമെന്നത് അറിയാനായി കാത്തിരിക്കുകയാണെന്നും ധനമന്ത്രി പ്രതികരിച്ചു. ചർച്ച നേട്ടമായില്ല. കോടതിയിൽ കേസ് നിൽക്കുമ്പോൾ എങ്ങനെ ചർച്ച ചെയ്യും തീരുമാനമെടുക്കുമെന്ന നിലപാടാണ് കേന്ദ്ര ഉദ്യോഗസ്ഥർ ചർച്ചയിലുടനീളം സ്വീകരിച്ചത്. കേസ് പിൻവലിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, കേരളം സുപ്രീം കോടതിയിൽ കേസ് നൽകിയത് ചർച്ചയിൽ കേന്ദ്ര ധനവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ദില്ലിയിൽ ചർച്ച നടത്തിയത്. ചർച്ചയിൽ ധന മന്ത്രി നിർമല സീതാരാമൻ പങ്കെടുത്തില്ല. ധനകാര്യ സെക്രട്ടറി , സോളിസിറ്റർ ജനറൽ ഉൾപ്പെടെ ചർച്ചയിൽ കേന്ദ്രത്തിനായി പങ്കെടുത്തു.