ഒരു ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി

0

ന്യൂഡല്‍ഹി:2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത. ഒരു ലക്ഷം കോടി രൂപയുടെ ബജറ്റാണ് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 31.5ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്.

ചരിത്ര ബജറ്റെന്നാണ് ധനവകുപ്പിന്‍റെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി സ്വന്തം ബജറ്റിനെ പുകഴ്‌ത്തിയത്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കാലം കഴിഞ്ഞെന്നും അവര്‍ ചൂണ്ടിക്കാട്ടി. മൂലധന ചെലവ് സര്‍ക്കാര്‍ ഇരട്ടിയാക്കി 28000 കോടിയാക്കിയെന്നും രേഖ പറഞ്ഞു.

വര്‍ദ്ധിപ്പിച്ച തുക അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ് നേരിട്ട് ചെലവാക്കുക. പാതകള്‍, അഴുക്കുചാല്‍ സംവിധാനങ്ങള്‍, ജലവിതരണം എന്നിവയ്ക്കായി ഇത് ഉപയോഗിക്കുമെന്നും അവര്‍ വ്യക്തമാക്കി.

പത്ത് സുപ്രധാന മേഖലകള്‍ക്കാണ് ബജറ്റ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. വൈദ്യുതി, റോഡുകള്‍, ജലം, ആശയവിനിയമ മാര്‍ഗങ്ങള്‍, തുടങ്ങിയവയടക്കമാണ് ഇത്. ഡല്‍ഹിയ്ക്കകത്ത് യാത്ര സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി ആയിരം കോടി രൂപ നീക്കി വച്ചിട്ടുണ്ട്.

യമുന ശുദ്ധീകരിക്കാന്‍ അഞ്ഞൂറ് കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ശുദ്ധീകരിച്ച വെള്ളം മാത്രമേ നദിയിലെത്തൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 40 ശുദ്ധീകരണ പ്ലാന്‍റുകളിലൂടെയാകുമിത്. ഇതിന് പുറമെ സര്‍ക്കാര്‍ ജലശുദ്ധീകരണ ശാലകള്‍ നവീകരിക്കാനായി 250 കോടിയും നീക്കി വച്ചിട്ടുണ്ട്. ശുചീകരണത്തിനും ശുദ്ധ ജലത്തിനുമായി 9000 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.

ക്ഷേമ പദ്ധതികള്‍ക്കായി 5100 കോടിയും അനുവദിച്ചു. വനിതകള്‍ക്ക് 2500 രൂപ പ്രതിമാസം നല്‍കുന്ന പദ്ധതിയ്ക്കടക്കമാണ് ഇത്. പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്കായി 2144 കോടി രൂപ നീക്കി വച്ചു. തലസ്ഥാനത്തെ ആരോഗ്യ പരിരക്ഷ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനാണ് ഇത്.ആരോഗ്യമേഖലയ്ക്ക് 6874 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. ആരോഗ്യ, വെല്‍നെസ് കേന്ദ്രങ്ങള്‍ നിര്‍മിക്കിക്കാനും ആയൂഷ് മാന്‍ ആരോഗ്യമന്ദിര്‍ നിര്‍മ്മിക്കാനും വേണ്ടിയാണിത് വിനിയോഗിക്കുക.

വിദ്യാഭ്യാസ മേഖലയില്‍ സിഎം ശ്രീ സ്‌കൂളുകള്‍ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി.പത്താം ക്ലാസ് പാസാകുന്ന 1200 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പുകള്‍ സമ്മാനിക്കാന്‍ 750 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

വാണിജ്യ ക്ഷേമ ബോര്‍ഡ് രൂപീകരിക്കുമെന്നും രണ്ട് വര്‍ഷം കൂടുമ്പോള്‍ ആഗോള നിക്ഷേപ സംഗമം നടത്തുമെന്നും രേഖ അറിയിച്ചു. സര്‍ക്കാര്‍ പുത്തന്‍ വ്യവസായ നയം കൊണ്ടുവരും. ഡല്‍ഹിയെ നിക്ഷേപ-നൂതന സൗഹൃദ കേന്ദ്രമാക്കി മാറ്റുമെന്നും അവര്‍ പറഞ്ഞു.

26 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ഒരു ബിജെപി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്‌മിയെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *