ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ വൻ തീപിടിത്തം: ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു
ന്യൂഡല്‍ഹി: ഡൽഹിയില്‍ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു. ആറ് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
പതിനൊന്ന് നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പോലീസും അഗ്നിശമന സേനാംഗങ്ങളും ഉടൻ എത്തി തീയണച്ചു. 12 നവജാത ശിശുക്കളെ രക്ഷപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെടുത്തിയ നവജാതശിശുക്കളെ തുടർ ചികിത്സയ്‌ക്കും പരിചരണത്തിനുമായി ഈസ്റ്റ് ഡൽഹി അഡ്വാൻസ് എൻഐസിയു ആശുപത്രിയിലേക്ക് മാറ്റി.
അഞ്ച് കുട്ടികൾ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ രാത്രി 11.32 ന് തീപിടിത്തം ഉണ്ടായതായി ഡൽഹി ഫയർ സർവീസസ് അറിയിച്ചു. തുടർന്ന് 16 യൂണിറ്റ് ഫയര്‍ എഞ്ചിന്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം, ഗുജറാത്തിലെ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. ഇതിൽ 12 പേർ കുട്ടികളാണ്. ഇന്നലെ വൈകിട്ടാണ് രാജ്‌കോട്ടിലെ ഗെയിംസോണിൽ തീപിടുത്തമുണ്ടായത്. മൃതദേഹങ്ങൾ പൂർണായി കത്തിക്കരിഞ്ഞ അവസ്ഥയിലായതിനാൽ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുകയാണ്.