ഡല്‍ഹി മുഖ്യമന്ത്രി ഫെബ്രുവരി 20ന് സത്യപ്രതിജ്ഞ ചെയ്യും

0

ന്യൂഡല്‍ഹി : ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി ഫെബ്രുവരി 20ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി. നേരത്തെ ഫെബ്രുവരി 18നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. ഇന്ന് നടക്കാനിരുന്ന നിയമസഭാ കക്ഷി യോഗം ബിജെപി മാറ്റിവച്ച സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ 20ലേക്ക് തീരുമാനിച്ചത്.

രാംലീല മൈതാനിയിലാകും ചടങ്ങുകള്‍ നടക്കുക. ഇന്ന് തീരുമാനിച്ചിരുന്ന നിയമസഭാ കക്ഷി യോഗം 19ലേക്ക് മാറ്റിയതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി ജനറൽ സെക്രട്ടറിമാരായ വിനോദ് തവ്‌ഡെ, തരുൺ ചുഗ് എന്നിവര്‍ക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകളുടെ മേല്‍നോട്ടം.

‘നാളെ നടക്കാനിരുന്ന ബിജെപി നിയമസഭാ കക്ഷി യോഗം മാറ്റിവച്ചു. ഈ യോഗം ഫെബ്രുവരി 19 ന് നടക്കും. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫെബ്രുവരി 18 ന് പകരം ഫെബ്രുവരി 20 ന് നടക്കും,’ -ബിജെപി വൃത്തം ഇന്നലെ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രിമാർ, എൻഡിഎ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, വ്യവസായികൾ, സിനിമാ താരങ്ങൾ, ക്രിക്കറ്റ് താരങ്ങള്‍, സന്യാസിമാർ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ഡല്‍ഹി മുഖ്യമന്ത്രിയായി പലരുടെയും പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവരില്‍ പ്രമുഖന്‍ പര്‍വേഷ് വര്‍മയാണ്. എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി ഇറക്കിയ തുറുപ്പു ചീട്ടായിരുന്നു പര്‍വേഷ് വര്‍മ.കെജ്‌രിവാളിനെ പരാജയപ്പെടുത്തിയതോടെ പര്‍വേഷ് കൂടുതല്‍ ശക്തനാകുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്ന മറ്റൊരു പേര് സതീഷ് ഉപാധ്യായയുടേതാണ്. ഡൽഹി ബിജെപി പ്രസിഡന്‍റായും ഡൽഹി യൂത്ത് വിങ്ങിന്‍റെ പ്രസിഡന്‍റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പട്ടികയിലെ മൂന്നാമത്തെ പേര് ഡൽഹിയില്‍ ബിജെപിയുടെ പഞ്ചാബി മുഖമായ ആശിഷ് സൂദിന്‍റേതാണ്. ജിതേന്ദ്ര മഹാജനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള വ്യക്തിയായി നിരീക്ഷകര്‍ കണക്കാക്കുന്നു. സാധ്യതാ പട്ടികയിലെ അഞ്ചാമന്‍ വിജേന്ദര്‍ ഗുപ്‌തയാണ്. മുൻ ഡൽഹി മേയറും ആദ്യമായി എംഎൽഎയുമായ രേഖ ഗുപ്‌തയാണ് പട്ടികയിലെ വനിതാ നേതാവ്.

27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബിജെപി ഭരണം പിടിക്കുന്നത്. 70 ൽ 48 സീറ്റുകൾ നേടിയാണ് ബിജെപി ഡല്‍ഹി പിടിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *