ഡല്‍ഹി സ്‌ഫോടനം : പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ട് അമിത് ഷാ
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പരിക്കേറ്റ് എല്‍എന്‍ജെപി ആശുപത്രിയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. ചെങ്കോട്ടയ്ക്കു സമീപമുള്ള ലാല്‍കില മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ഓടിക്കൊണ്ടിരിക്കുന്ന ഐ20 കാറിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് അമിത് ഷാ പറഞ്ഞു. സ്‌ഫോടനം ഉണ്ടായി പത്തുമിനിറ്റിനുള്ളില്‍ തന്നെ എല്ലാ അന്വേഷണം ഏജന്‍സികളും സ്ഥലത്തെത്തിയതായും അമിത് ഷാ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ആഭ്യന്തരമന്ത്രി പറഞ്ഞു.
എന്‍ഐഎ, എന്‍എസ്ജി, എഫ്എസ്എല്‍ ടീമുകള്‍ അന്വേഷണത്തിന്റെ ഭാഗമായതായും സ്‌ഫോടനത്തിന്റെ കാരണവും സ്വഭാവവും കണ്ടത്തൊന്‍ പരിശോധനകള്‍ നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു. എല്ലാ കോണുകളും വിലയിരത്തുന്നു. സമഗ്രമായ അന്വേഷണം നടത്തും. കണ്ടെത്തലുകള്‍ സുതാര്യമായി പൊതുജനങ്ങളെ അറിയിക്കും.’പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക, ഈ സ്‌ഫോടനത്തിലേക്ക് നയിച്ച കാരണങ്ങളില്‍ പൂര്‍ണ്ണ വ്യക്തത വരുത്തുക എന്നിവയാണ് ഞങ്ങളുടെ മുന്‍ഗണന,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫോറന്‍സിക് വിദഗ്ധര്‍ സാമ്പിളുകള്‍ ശേഖരിക്കുന്നത് തുടരുന്നതിനാല്‍ സുരക്ഷാ ഏജന്‍സികള്‍ പ്രദേശം വളഞ്ഞിരിക്കുകയാണ്. ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റ് പൂര്‍ണമായി അടച്ചതായും അധികൃതര്‍ പറഞ്ഞു.
