ഡൽഹി നിയമസഭാതെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്
ന്യുഡൽഹി: ഡൽഹി നിയമസഭാതെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഫെബ്രുവരി8 ന് വോട്ടെണ്ണൽ നടക്കും.
ജനുവരി 10 മുതൽ 17 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാവുന്നതാണ് . ജനുവരി 18 ന് സൂക്ഷ്‌മപരിശോധന നടക്കും.70 മണ്ഡലങ്ങളിൽ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക . ഡൽഹിയിലുള്ള 1.55 കോടിവോട്ടർമാരിൽ 2.08 ലക്ഷം പുതിയ വോട്ടർമാരാണ് .13.033 ലക്ഷം പോളിങ്ബൂത്തുകളിൽ വോട്ടിംഗ് നടക്കും . യുപിയിലെ മിൽക്കാപൂർ,ഈ റോഡ് ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 5 നു നടക്കുമെന്നും രാജീവ്കുമാർ അറിയിച്ചു.
നിലവിലുള്ള നിയമസഭയുടെ കാലാവധി 2025 ഫെബ്രുവരി 23 ന് അവസാനിക്കും.തുടർച്ചയായി മൂന്നാംതവണയും അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് അരവിന്ദ് കെജ്‌രിവാളിൻ്റെ ആംആദ്‌മി പാർട്ടി .
1998നുശേഷം ബിജെപിക്ക് ഭരണം ലഭിക്കാത്ത ഏക ഉത്തരേന്ത്യൻ സംസ്ഥാനമാണ് ഡൽഹി. എന്നാൽ 2019 ലും 2024 ലും മുഴുവൻ ലോക്‌സഭാമണ്ഡലത്തിലും ജയിച്ചത് ബിജെപിയാണ് .ഇത്തവണ അതിശക്തമായ പോരാട്ടമായിരിക്കും ഇരുപർട്ടികളും തമ്മിൽ നടക്കുക എന്ന കാര്യം ഉറപ്പാണ്. കെജ്രിവാളിന്റെ ജനകീയപദ്ധതികളെ മറികടക്കാനായി കോടികളുടെ പദ്ധതികളാണ് രണ്ടു ദിവസം മുമ്പ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത് .
2015ൽ 67 സീറ്റുനേടി അധികാരത്തിലെത്തിയ കെജ്‌രിവാൾ 2020ൽ 62 സീറ്റ് നേടിയാണ് വീണ്ടും അധികാരത്തിലെത്തിയത് .ഇത്തവണ നേരത്തെ സ്ഥനാർത്ഥികളെ പ്രഖ്യാപിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം
കുറിച്ച ആംആദ്‌മി പാർട്ടി നിരവധി ജനോപകാര പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പഴയപോലെ അഴിമതിവിരുദ്ധമുഖവുമായി വോട്ടർമാരെ സമീപിക്കാൻ കഴിയുമോ എന്നകാര്യത്തിൽ സംശയമുണ്ട്.
ഒരു തിരിച്ചുവരവിന് സാധ്യമാകാത്ത വിധം കോൺഗ്രസ്സ് യുഗം അവസാനിച്ച ഡൽഹിയിൽ മത്സരം ആംആദ്മിപാർട്ടിയും ബിജെപിയും തമ്മിലാണ്. 2020ൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും കോൺഗ്രസ്സിന് ലഭിച്ചിരുന്നില്ല ,
തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹാരാഷ്ട്ര ,ഹരിയാന നിയമസഭകളിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം
വോട്ടിംഗ് മെഷീനെതിരെ ഉയരുന്ന പരാതികൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.. EVM ആർക്കും ഹാക്ക് ചെയ്യാൻ കഴിയില്ലായെന്നും മെഷീൻ തുടർച്ചയായി പരിശോധനയ്ക്ക് വിധേയമാക്കുന്നതുകൊണ്ട് ഒരുതരത്തിലുള്ള ക്രമക്കേടും നടക്കില്ലാ എന്നും രാജീവ്കുമാർ പറഞ്ഞു.