ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും
ന്യു ഡൽഹി: വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ മുന്നണിയുടെ സഖ്യപങ്കാളികളില്ലാതെ ആം ആദ്മി പാർട്ടി സ്വതന്ത്രമായി മത്സരിക്കുമെന്ന് അരവിന്ദ് കേജ്രിവാൾ മാധ്യമങ്ങളെ അറിയിച്ചു.. കോൺഗ്രസുമായുള്ള സീറ്റ് വിഭജനത്തിൽ സമവായത്തിലെത്താത്തതിനെ തുടർന്ന് ഹരിയാനയിൽ പാർട്ടി ഒറ്റയ്ക്ക് നേരത്തെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കെ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീയതികൾ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ മാസം ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.
ഭാരതീയ ജനതാ പാർട്ടി- കോൺഗ്രസ്സ് പാർട്ടികളിൽ നിന്ന് ആം ആദ്മി പാർട്ടിയിലേക്ക് കൂറുമാറിയ ആറ് പേർ ഉൾപ്പെടെ ആകെ 11 സ്ഥാനാർത്ഥികളാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
ബ്രഹ്മ് സിങ് തൻവാർ (ഛത്തർപൂർ), അനിൽ ഝാ (കിരാരി), ബിബി ത്യാഗി (ലക്ഷ്മി നഗർ) എന്നിവർ അടുത്തിടെ ബിജെപിയിൽ നിന്നും സുബൈർ ചൗധരി (സീലംപൂർ), വീർ സിംഗ് ദിംഗൻ (സീമാപുരി), സോമേഷ് ഷോക്കീൻ (മട്ടിയാല) എന്നിവർ കോൺഗ്രസ്സ് വിട്ടും എഎപിയിൽ ചേർന്നിരുന്നു.
കഴിഞ്ഞ ദിവസം പദയാത്രയ്ക്കിടിയിൽ തനിക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് സംസാരിച്ച കെജ്‌രിവാൾ, താൻ ഉന്നയിച്ച ക്രമസമാധാന പ്രശ്നത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു..
“ദില്ലിയിലെ ക്രമസമാധാന പ്രശ്‌നം ഉന്നയിച്ചതിന് ശേഷം അമിത് ഷാ എന്തെങ്കിലും നടപടിയെടുക്കുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത് .പക്ഷേ, അതിനുപകരം, കഴിഞ്ഞ ദിവസം ഞാൻ നടത്തിയ പദയാത്രയ്ക്കിടെ എന്നെ ആക്രമിക്കുകയാണുണ്ടായത് എനിക്ക് നേരെ എന്തോ ദ്രാവകം എറിഞ്ഞു, അത് നിരുപദ്രവകരമായിരുന്നു, പക്ഷേ അതോടൊപ്പം അത് ദോഷകരവുമാകുമായിരുന്നു,” കെജ്രിവാൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ശനിയാഴ്ച ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗറിൽ പദയാത്രയ്ക്കിടെ ഒരാൾ അരവിന്ദ് കെജ്‌രിവാളിൻ്റെ മേൽ ദ്രാവകം തെറിപ്പിച്ചു. അത് ആസിഡായിരുന്നുവെന്നും ആക്രമിച്ചയാൾ പാർട്ടി മേധാവിയെ ഇല്ലാതാക്കാനുള്ള
ശ്രമമായിരുന്നുവെന്നും ആം ആദ്മി പാർട്ടി നേതാക്കൾ ആരോപിക്കുന്നു.
ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ഖാൻപൂർ ഡിപ്പോയിൽ ബസ് മാർഷലായി ജോലി ചെയ്യുന്ന അശോക് ഝായാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.