കേന്ദ്ര അനുമതിലഭിച്ചാൽ പ്രതിനിധി സംഘം യമനിലേക്ക്

ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്‌ക്ക് പ്രതിനിധി സംഘം യമനിലേക്ക് പോകാൻ തയ്യാറെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്‌ടാവ് അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍. കേന്ദ്ര സര്‍ക്കാരിൻ്റെ അനുമതി ലഭിച്ചാല്‍ ഉടൻ യമനിലേക്ക് തിരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആക്ഷൻ കൗൺസിൽ ആവശ്യം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇരയുടെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചർച്ചകൾ നടത്തുന്നതിനുമായി ആറ് അംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നാണ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടത്. ഇതിൽ രണ്ടുപേർ ആക്ഷൻ കൗൺസിൽ പ്രതിനിധികളും രണ്ടുപേർ നിലവിൽ ചർച്ചകൾ നടത്തുന്ന കാന്തപുരത്തിൻ്റെ പ്രതിനിധികളും രണ്ടുപേർ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഉദ്യോഗസ്ഥരും ആകണമെന്നായിരുന്നു നിർദേശം.ഇത് പരിഗണിച്ച കോടതി, വിഷയത്തില്‍ അനുകൂല നടപടിയെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
അഡ്വ സുഭാഷ് ചന്ദ്രൻ കെ ആർ (സൂപ്രീം കോടതി അഭിഭാഷകൻ, കൗൺസിൽ നിയമോപദേഷ്‌ടാവ് ), കുഞ്ഞമ്മദ് കൂരാച്ചുണ്ട് (കൗൺസിൽ ട്രഷറർ) എന്നിവരെയും മർകസ് പ്രതിനിധികളായി അഡ്വ. ഹുസൈൻ സഖാഫി (അന്താരാഷ്‌ട്ര തലത്തിൽ ഇടപെടുന്ന മുസ്ലിം പണ്ഡിതൻ ), ഹാമിദ് (യെമൻ ബന്ധമുള്ള വ്യക്തി) എന്നിവരെ നയതന്ത്ര സംഘത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതിയെ അറിയിച്ചെന്നും അനുകൂല വിധിയാണ് ഉണ്ടായതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
നിലവില്‍ തലാലിൻ്റെ കുടുംബവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓരോ അംഗത്തെയും കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കേണ്ടതുണ്ടെന്നും മാപ്പപേക്ഷിക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. തലാലിൻ്റെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. ഒരു അംഗം ഇന്ന് പറഞ്ഞ കാര്യം, നാളെ മാറ്റി പറയുന്ന സാഹചര്യമുണ്ട്, ഇത് വെല്ലുവിളിയായതിനാല്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി