ഡൽഹിയിൽ മഴക്കെടുതി; മരണം 11 ആയി, ഇന്നും ഓറഞ്ച് അലർട്ട്
ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ മരിച്ചവരുടെ എണ്ണം 11 ആയി.തകർന്ന കെട്ടിടത്തിൽ നിന്ന് മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വെള്ളിയാഴ്ച 228.1 മില്ലിമീറ്റർ റേക്കോർഡ് രേഖപ്പെടുത്തിയ മഴയ്‌ക്ക് ശേഷം കനത്ത മഴയാണ് ശനിയാഴ്ചയും പെയ്തത്. അതിശക്തമായ മഴ മൂലം നഗരത്തിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. അടിസ്ഥാന സൗകര്യങ്ങൾ പാടെ തകരാറിലായ സാഹചര്യമാണ് രാജ്യതലസ്ഥാനത്ത്.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബാദ്ലിയിലെ വെള്ളക്കെട്ടുള്ള അടിപ്പാതയിൽ ശനിയാഴ്ച രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടർന്ന് ഈ ഭാഗത്ത് വെള്ളക്കെട്ടാണ്. ശനിയാഴ്ച രാവിലെ പെയ്ത മഴയിലാണ് വസന്ത് വിഹാറിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ബേസ്‌മെൻ്റ് തകർന്നത്.
മണ്ണിലും വെള്ളത്തിലും കുടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. ഡൽഹി പൊലീസ്, അഗ്നിശമന സേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ 28 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ദക്ഷിണ ഡൽഹിയിലെ ഓഖ്‌ല അടിപ്പാതയിൽ കുമാർ ചൗധരി (60) എന്ന ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തിനടിയിലായ അടിപ്പാതയിൽ കുടുങ്ങിയ സ്‌കൂട്ടർ ചൗധരി ഓടിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതിശക്തമായ മഴയിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവും നേരിട്ടിരുന്നു. ചൊവ്വാഴ്ച വരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനുശേഷമുളള മൂന്ന് ദിവസത്തേക്ക് യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ട് രൂക്ഷമാകാനും സാധ്യതയുണ്ട്. വൈദ്യുതി ലൈനുകൾ പൊട്ടി കിടക്കാൻ സാധ്യതയുളളതിനാൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മുന്നറിയിപ്പുണ്ട്