ഡൽഹി സ്ഫോടനം : സഹായം നൽകിയ ശ്രീനഗർ സ്വദേശി പിടിയിൽ
ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജാസിർ ബിലാൽ വാണിയാണ് പിടിയിലായത്. ചാവേറായി പൊട്ടിത്തെറിച്ച ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിനു സാങ്കേതിക സഹായം നൽകിയ നിർണായക വ്യക്തിയാണു ഇയാളെന്നു ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. അതിനിടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ ഇന്നു മരണത്തിനു കീഴടങ്ങി. ഡ്രോൺ അടക്കം ഉപയോഗിച്ചു ആക്രമണം നടത്താനായിരുന്നു പദ്ധതി. ഡ്രോണുകളെ റോക്കറ്റാക്കി മാറ്റി ആക്രമിക്കാനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്നു എൻഐഎ പറയുന്നു. അനന്ത്നാഗിലെ ഖ്വാസിഗണ്ഡ് സ്വദേശിയാണ് പിടിയിലായ ജാസിർ. ഉമർ നബിയുമായി ഇയാൾക്ക് അടുത്ത ബന്ധമായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി.
സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി സംസ്ഥാനങ്ങളിൽ തിരച്ചിൽ സജീവമാണ്. കേസുമായി ബന്ധപ്പെട്ട് നിലവിൽ എട്ട് പേരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം ഉമർ നബിയ്ക്കു കാർ നൽകിയ ആളെയും എൻഐഎ പിടികൂടിയിരുന്നു. ഉമറിന്റെ പ്രധാന സഹായി ആമിർ റഷീദ് അലിയാണ് പിടിയിലായത്. സ്ഫോടനത്തിനുപയോഗിച്ച ഹ്യുണ്ടെ ഐ20 കാർ ഇയാളുടെ പേരിലാണ് വാങ്ങിയത്. ജമ്മു കശ്മീലെ സോപോർ സ്വദേശിയായ ആമിർ റഷീദ് അലി ഡൽഹിയിൽ വച്ചാണ് പിടിയിലായത്.
ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപമാണ് കാറിലെത്തിയ ചാവേർ പൊട്ടിത്തെറിച്ചത്. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറായ ഉമര്‍ നബിയാണ് ചാവേറായി പൊട്ടിത്തെറിച്ചത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യുണ്ടെ ഐ20 കാറില്‍ എത്തിയ ഉമര്‍ നബി തിരക്കേറിയ റോഡില്‍ വെച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ ചാവേറായി പൊട്ടിത്തെറിച്ചത് ഉമര്‍ നബിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. സ്‌ഫോടനം ആസൂത്രണം ചെയ്തതിന് ഉമര്‍ നബിയുടെ സഹപ്രവര്‍ത്തകരും ഡോക്ടര്‍മാരുമായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടകവസ്തു നിര്‍മാണത്തിനായി ശേഖരിച്ച 2900 കിലോ അസംസ്‌കൃത സാമഗ്രികളും പൊലീസ് പിടികൂടിയിരുന്നു.
