ഡല്‍ഹി സ്‌ഫോടനം: വാഹനത്തിൻ്റെ ഉടമ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. സ്‌ഫോടനത്തിന് കാരണമായ ഹരിയാന രജിസ്‌ട്രേഷനിലുള്ള i20 ഹ്യുണ്ടായ് കാറിന്റെ ഉടമയെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കാര്‍ മറ്റൊരാള്‍ക്ക് വിറ്റെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ പുല്‍വാമയിലെ താരിഖ് എന്നയാള്‍ക്ക് കാര്‍ വിറ്റെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വ്യാജ രേഖകള്‍ നിര്‍മിച്ചെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കാറിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
എന്നാല്‍ സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സല്‍മാന്‍ എന്ന ഗുരുഗ്രാം നിവാസിയുടെ പേരിലാണ് വാഹനമെന്നും ഇത് സല്‍മാന്‍ വിറ്റ കാറാണെന്നും ഗുരുഗ്രാം പൊലീസ് വക്താവ് സന്ദീപ് കുമാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഒഖ്‌ല നിവാസിയായ ദേവേന്ദറിന് ഇയാള്‍ ഒന്നര വര്‍ഷം മുമ്പ് വാഹനം വിറ്റു. സല്‍മാനെ ഞങ്ങള്‍ ഡല്‍ഹി പൊലീസിന് കൈമാറിയിട്ടുണ്ട്. ദേവേന്ദറിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യുകയാണ്’, സന്ദീപ് കുമാര്‍ പറഞ്ഞു.
