കട്ടപ്പന ഇരട്ടക്കൊല: നവജാതശിശുവിന്റെ മൃതദേഹവാശിഷ്ടം കണ്ടെത്താനായില്ല.
കട്ടപ്പന: നവജാതശിശുവിനെയും മുത്തച്ഛൻ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. ശിശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താൻ കഴിഞ്ഞില്ല. അറസ്റ്റിലായ പ്രതി നിതീഷ് മൊഴിമാറ്റിപ്പറയുന്നതാണ് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നത്. എട്ടുവർഷം മുമ്പ് നടന്ന കൊലപാതകമാണെങ്കിലും മുടിയുടെ അവശിഷ്ടങ്ങളും തലയോട്ടിയുടെ ഭാഗങ്ങളും കണ്ടെടുക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
കുഞ്ഞിനെ സാഗര ജങ്ഷന് സമീപമുള്ള വിജയന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ കുഴിച്ചിട്ടുവെന്നായിരുന്നു നിതീഷ് ആദ്യം മൊഴി നൽകിയത്. വീടിനോട് അടുത്തുള്ള തൊഴുത്തിന്റെ തറ പൊളിച്ചുപരിശോധിച്ചെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താൻ സാധിച്ചില്ല. മൃതദേഹം കത്തിച്ചുകളഞ്ഞെന്നും തിരിച്ചുകിട്ടാനാകാത്തവിധം നശിപ്പിച്ചെന്നും തിങ്കളാഴ്ച നിതീഷ് മൊഴി മാറ്റിയെന്നാണ് വിവരം.
വിജയന്റെ മൃതദേഹം ഞായറാഴ്ച കാഞ്ചിയാറിലെ വാടകവീട്ടിലെ തറ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. കുട്ടിയെ 2016 ജൂലായിലാണ് കൊന്നത്. വിവാഹം കഴിക്കാതെ നിതീഷിന് വിജയന്റെ മകളിൽ ഉണ്ടായ ആൺകുട്ടിയെ ജനിച്ച് ഏതാനും ദിവസങ്ങൾക്കകം ദുരഭിമാനത്തിന്റെ പേരിൽ കൊല്ലുകയായിരുന്നു എന്നാണ് വിവരം. നിതീഷിനൊപ്പം വിജയനും മകൻ വിഷ്ണുവിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട നെല്ലാനിക്കൽ വിജയനും പ്രതിയായ വിഷ്ണുവും പ്രദേശവാസികളോട് നന്നായി ഇടപെട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നിതീഷ്, വിഷ്ണുവുമായി സൗഹൃദ ബന്ധം സ്ഥാപിച്ചപ്പോൾ ബന്ധുക്കളും അയൽവാസികളും വിജയനും കുടുംബത്തിനും മുന്നറിയിപ്പ് നൽകിയിരുന്നു.