ദീപങ്ങളുടെ ഉത്സവം ദീപാവലി

0

ബിജു.വി

ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്‌  ദീപാവലി  അഥവാ  ദിവാലി. തുലാമാസത്തിലെ അമാവാസി  ദിവസമാണ്‌  ദീപാവലി  ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉത്സവമായ ഇത്‌ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ വിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചുമാഘോഷിക്കുന്നു.

ദക്ഷിണേന്ത്യൻ ഭാഷകളിൽ  സംസ്കൃതത്തിലെ അതേ പേരിലും മറ്റു ഭാഷകളിൽ ‘ദിവാലി’യെന്ന പേരിലും ദീപാവലിയാചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഈ ഉത്സവമാഘോഷിക്കുന്നുണ്ട്. സാമ്പത്തിക ഉയർച്ച ഉണ്ടാകുവാൻ ഭക്തർ, പ്രത്യേകിച്ച് വ്യാപാരികളും ബിസിനസ്‌കാരും മഹാലക്ഷ്മിയെ പൂജിക്കുന്ന ദിവസം കൂടിയാണ് ദീപാവലി. ക്ഷേത്രങ്ങളിൽ പ്രത്യേകിച്ച് ഗുരുവായൂർ, ചോറ്റാനിക്കര, കൊല്ലൂർ മൂകാംബിക തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ദർശനത്തിന് തിരക്ക് അനുഭവപ്പെടുന്ന ഒരു ദിവസം കൂടിയാണ് ദീപാവലി.

ദീപം (വിളക്ക്), ആവലി (നിര) എന്നീപ്പദങ്ങൾ ചേർന്നാണ്‌, ദീപാവലിയെന്ന പദമുണ്ടായത്, ഇതു ലോപിച്ചാണ്‌ ദീവാളീ എന്നായിത്തീർന്നത്.

ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെയാഘോഷം. ഇതാണ് കേരളത്തിൽ പ്രധാനം. അതിനാൽ ഗുരുവായൂർ, തിരുപ്പതി അടക്കമുള്ള തെക്കേ ഇന്ത്യയിലെ വൈഷ്ണവ ക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമാണ്.

ദീപാവലിയുടെ ഐതീഹ്യങ്ങൾ

  • മഹാലക്ഷ്മി അവതാര ദിവസം: പാലാഴിയിൽ നിന്നും ലക്ഷ്മിദേവി അവതരിക്കുകയും മഹാവിഷ്ണുവിനെ പതിയായി സ്വീകരിക്കുകയും ചെയ്ത ദിവസമാണ് എന്ന വിശ്വാസവുമുണ്ട്. അതിനാൽ ചോറ്റാനിക്കര, മൂകാംബിക അടക്കമുള്ള ദേവി ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷമാണ്. അന്നു സാമ്പത്തിക ഉയർച്ചയ്ക്കും, ഐശ്വര്യവർധനവിനുമായി ഭക്തർ വീടുകളിലും, കച്ചവട സ്ഥാപനങ്ങളിലും, ക്ഷേത്രങ്ങളിലും മഹാലക്ഷ്മിയെയും ഗണപതി ഭഗവാനെയും ആരാധിക്കുന്നു. ധനലക്ഷ്മി പൂജയാണ് ഇതിന്റെ തുടക്കം. കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം മുതലായവ ചൊല്ലുന്നു. വടക്കേ ഇന്ത്യയിൽ ഇത് പ്രധാനമാണ്.
  • ഗണേശ പൂജ: മഹാലക്ഷ്മിയെ ആരാധിക്കുന്നതിനൊപ്പം തടസങ്ങൾ അകലാൻ ഗണപതി പൂജയും പ്രധാനമാണ്. ഗണപതി ക്ഷേത്രങ്ങളിൽ ലക്ഷ്മി ഗണപതി എന്ന പ്രത്യേക സങ്കല്പത്തിൽ ആരാധിക്കുന്നു.
  • കാളിപൂജ: ഒഡിഷ, വെസ്റ്റ് ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ദീപാവലി കാളി ഭഗവതിക്ക് പ്രാധാന്യം കൊടുത്തു ആഘോഷിക്കുന്നു. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിലും, ഭഗവതി ക്ഷേത്രങ്ങളിലും ദീപാവലി ദിവസത്തെ ദർശനം പ്രധാനമാണ്.
  • ശ്രീരാമപട്ടാഭിഷേകം: ശ്രീരാമൻ പതിനാലുവർഷത്തെ വനവാസത്തിനുശേഷം സീതാസമേതനായി അയോദ്ധ്യയിൽ തിരിച്ചെത്തിയത് ഒരു ദീപാവലി ദിവസമാണ് എന്ന് ഒരു ഐതീഹ്യം. വടക്കേ ഇന്ത്യയിലാണ് ഈ വിശ്വാസം കൂടുതലായി കാണപ്പെടുന്നത്. കേരളത്തിൽ തൃപ്പയാർ അടക്കമുള്ള ശ്രീരാമ ക്ഷേത്രങ്ങളിൽ ഇത് പ്രധാനമാണ്.
  • ജൈനമത വിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായി ദീവാലിയാഘോഷിക്കുന്നു.
    വിക്രമവർഷാരംഭദിനം: വിക്രമാദിത്യ ചക്രവർത്തി സ്ഥാനാരോഹണം ചെയ്ത വിക്രമവർഷാരംഭ ദിനമായും ജാതക കഥകളിൽ വർധമാന മഹാവീരൻ നിർവാണം പ്രാപിച്ച ദിനത്തിൻറെ ഓർമ്മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *