ചേര്‍ത്തലയില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവം :മരണകാരണം തലക്കേറ്റ ക്ഷതം

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സജിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ഇതോടെ ഭര്‍ത്താവ് സോണിയൂടെ അറസ്റ്റ് രേഖപ്പെടുത്തും. എന്നാല്‍ കൊലക്കുറ്റം ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം മാത്രമെ ചുമത്തുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. അച്ഛന്‍ മർദിക്കുന്നതിനിടെയാണ് സജി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സോണിയെ പൊലീസ് കസ്റ്റഡിലെടുത്തത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ജനുവരി 8 നാണ് സജിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഒരു മാസത്തോളം വെന്റിലേറ്ററിലായിരുന്ന സജി കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. വൈകിട്ട് സംസ്‌കാരവും നടത്തി. ചൊവ്വാഴ്ച രാത്രിയാണ് മകള്‍ മീഷ്മ അച്ഛനെതിരെ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്.
സംഭവ ദിവസം രാത്രി അച്ഛന്‍ അമ്മയുടെ തല ഭിത്തിയോട് ചേര്‍ത്ത് ഇടിച്ചെന്നും അങ്ങനെയാണ് ഗുരുതരാവസ്ഥയിലായതെന്നുമാണ് മൊഴി. അച്ഛന്‍ അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും അച്ഛന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാലാണ് ആശുപത്രിയില്‍ വെച്ച് സത്യം പറയാതിരുന്നതെന്നും മീഷ്മ പൊലീസിനോട് പറഞ്ഞു. പിതാവില്‍ നിന്നും ഭീഷണി തുടര്‍ന്നതോടെ മീഷ്മ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റു കിടന്നിട്ടും സജിയെ പിതാവ് ആശുപത്രിയില്‍ എത്തിച്ചില്ലെന്നും സജി വീടിനകത്ത് ഒന്നരമണിക്കൂറോളം രക്തം വാര്‍ന്നു കിടന്നെന്നും മിഷ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
സോണി സ്വന്തമായി ഒരു കട നടത്തുകയാണ്. അവിടുത്തെ ജീവനക്കാരിയുമായിയുള്ള സോണിയുടെ അടുപ്പത്തെ തുടര്‍ന്ന് ദമ്പതികള്‍ പതിവായി വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇതിനെ ചൊല്ലി ഇരുവരും വഴക്കിട്ടപ്പോഴാണ് സോണി സജിയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയെ അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റതെന്നായിരുന്നു ഭര്‍ത്താവ് ആശുപത്രി അധികൃതരെ അറിയിച്ചത്.