വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, കൂസലില്ലാതെ പ്രതികൾ: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ വിധി തിങ്കളാഴ്ച

0

പാലക്കാട്∙ തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം. വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ. അതിനുള്ള തെളിവുകളുണ്ടെന്ന് അവർ വാദിച്ചു. അതിക്രൂരമായ കൊലപാതകമല്ലെന്ന് പ്രതിഭാഗം വാദിച്ചു. ഒന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. ഇരുഭാഗത്തിന്റെയും വാദം പരിഗണിച്ചാണ് തിങ്കളാഴ്ച ശിക്ഷ വിധിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

കേസിൽ ഹരിതയുടെ അമ്മാവൻ സുരേഷ് ഒന്നാം പ്രതിയും അച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തെന്ന കാരണത്താൽ അമ്മാവനും അച്ഛനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണു കേസ്. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. ഡിസംബർ 25ന് വൈകിട്ട് പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനകം തന്നെ നിരവധിത്തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *