പിഞ്ചുകുട്ടികളെ കുത്തിക്കൊന്ന കേസിൽ പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി
കൊച്ചി : പിഞ്ചുകുട്ടികളെ അമ്മയുടെ കൺമുന്നിൽ വച്ച് കൊലപ്പെടുത്തിയ പിതൃസഹോദരന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പകരം 30 വർഷം തടവുശിക്ഷ വിധിച്ചു. പ്രതിക്ക് ശിക്ഷാ ഇളവിന് അർഹതയുണ്ടാവില്ല. റാന്നി കീക്കൊഴൂർ മാടത്തേത്ത് വീട്ടിൽ ഷിബു എന്ന തോമസ് ചാക്കോയുടെ (47) വധശിക്ഷയാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം സുന്ദർ എന്നിവരുടെ ബെഞ്ച് ഒഴിവാക്കിയത്. 2013 ഒക്ടോബർ 27നായിരുന്നു പത്തനംതിട്ടയിൽ നാടിനെ നടുക്കിയ ക്രൂരത നടന്നത്. സംഭവ ദിവസം രാവിലെ 7.30ന് മെബിനും (3 വയസ്) മെൽബിനും (7) താമസിക്കുന്ന വീട്ടിലെത്തിയ ഷിബു മുറ്റത്തു നിന്ന മെൽബിനെ കത്തികൊണ്ട് കുത്തി. തടയാൻ ശ്രമിച്ച കുട്ടികളുടെ അമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം വീടിനുള്ളിൽ കടന്ന് മെബിനെയും കുത്തി കൊലപ്പെടുത്തി എന്നായിരുന്നു കേസ്.
അമ്മയുടെ കൺമുന്നിൽ 2 പിഞ്ചുകുട്ടികളെ അതിദാരുണമായി കൊലപ്പെടുത്തിയത് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നു നിരീക്ഷിച്ച പത്തനംതിട്ട ഒന്നാം നമ്പർ അഡീഷനൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. വിചാരണക്കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി, പ്രതി തന്നെയാണു കൊലപാതകം നടത്തിയിരിക്കുന്നത് എന്നതിൽ തങ്ങൾക്കും സംശയമില്ലെന്നു വ്യക്തമാക്കി. അതേസമയം, ഇത്തരത്തിലൊരു കൊലപാതകത്തിനു വധശിക്ഷയാണോ അതോ നിശ്ചിത കാലയളവിലേക്കുള്ള ജീവപര്യന്തമാവുമോ ഉചിതമാവുക എന്നു സുപ്രീം കോടതിയുടെ വിവിധ വിധിന്യായങ്ങൾ ഉദ്ധരിച്ചുകൊണ്ടു കോടതി പരിശോധിച്ചു. ഇതിനൊപ്പം, പ്രതിയുടെ ജയിൽ ജീവിത റിപ്പോർട്ടും പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണു ശിക്ഷ ജീവപര്യന്തം 30 വർഷമാക്കി കോടതി മാറ്റിയത്. ഇതിനൊപ്പം 5 ലക്ഷം രൂപ പിഴയുമടയ്ക്കണം.