പ്രസവത്തിനിടെ മരണം; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീൻ പൊലീസ് കസ്റ്റഡിയിൽ. നിലവിൽ ആശുപത്രിയിൽ ചികിത്സയിലായ ഇയാളെ മലപ്പുറം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സിറാജുദ്ദീന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.അസ്മയ്ക്ക് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോർട്ടത്തിൽ കണ്ടെത്തി. കളമശ്ശേരി മെഡിക്കൽ കോളജിലെ മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമാണ് കണ്ടെത്തൽ.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടിൽ നടന്ന പ്രസവത്തെ തുടർന്നുള്ള അസ്മയുടെ മരണം.മലപ്പുറം ചട്ടിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അസ്മയും ഭർത്താവ് സിറാജുദ്ദീനും. ആശുപത്രിയിലേക്ക് കൊണ്ട് പോകാനോ ചികിത്സ നൽകാനോ സിറാജുദ്ദീൻ തയ്യാറായില്ല. അഞ്ചാമത്ത പ്രസവമായിരുന്നു അസ്മയുടേത്. അസ്മയുടെ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.
യുവതി മരിച്ച ശേഷം ആരെയും അറിയിക്കാതെ രാത്രി തന്നെ നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടി സിറാജുദ്ദീൻ ആംബുലൻസിൽ പെരുമ്പാവൂരിലേക്ക് തിരിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ കാര്യമന്വേഷിച്ചപ്പോൾ ഭാര്യക്ക് ശ്വാസം മുട്ടലെന്ന് പറഞ്ഞ് മരണം മറച്ചു വച്ചുവെന്നും പൊലീസ് കണ്ടെത്തി. രാത്രി 12 മണിക്കാണ് അസ്മ മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്. കഴിഞ്ഞ ഒന്നരവർഷമായി ഇയാളും കുടുംബവും ചട്ടിപ്പറമ്പിലെ വീട്ടിൽ വാടകയ്ക്ക് താമസമാക്കിയിട്ട്. മടവൂർ കാഫില എന്ന പേരിൽ യൂട്യൂബ് ചാനൽ ഇയാൾ നടത്തുന്നുണ്ട്.