മുംബൈ ബോട്ടപകടം /മരണം 13 :മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി മോദി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
മുംബൈ :ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് മുംബൈയ്ക്ക് സമീപമുള്ള എലിഫൻ്റ ഗുഹകളിലേക്കുള്ള യാത്രാമധ്യേ ഇന്ത്യൻ നേവിയുടെ ബോട്ട് ‘നീൽ കമൽ ‘ എന്ന പാസഞ്ചർ ഫെറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ഉച്ചകഴിഞ്ഞ് 3.55 ഓടെയാണ് സംഭവമുണ്ടായതെന്നും ഒരു നാവിക ഉദ്യോഗസ്ഥനടക്കം 13 പേർ മരിച്ചതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ 101 പേരെ രക്ഷപ്പെടുത്തി.ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, മാരിടൈം ബോർഡ്, തീരദേശ പോലീസ് എന്നിവർ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചു.
നാവികസേനയുടെ 11 ബോട്ടുകൾ, മറൈൻ പോലീസിൻ്റെ മൂന്ന് ബോട്ടുകൾ, കോസ്റ്റ് ഗാർഡിൻ്റെ ഒരു ബോട്ട്, നാല് ഹെലികോപ്റ്ററുകൾ എന്നിവ കപ്പലിലെ ബാക്കി യാത്രക്കാർക്കായി തിരച്ചിൽ, രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ നേവി വക്താവ് പറഞ്ഞു.
– കാണാതായവരെ ഉടൻ രക്ഷപ്പെടുത്താൻ കഴിയുമെന്നും കൂടുതൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടില്ലെന്നും പ്രതീക്ഷിക്കുന്നതായി മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ പ്രത്യാശ പ്രകടിപ്പിച്ചു.
പരിക്കുപറ്റിയവരെ സെന്റ് ജോർജ്ജ് ഹോസ്‌പിറ്റൽ ,JNPA ഹോസ്പിറ്റൽ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി ,ദേശീയ ദുരിതാശ്വാസ നിധി വഴി മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
രാഷ്‌ട്രപതി, മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കൾ എന്നിവർ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി.