ദേ പിന്നേം റെക്കോർഡ്! സ്വർണവില പുതിയ ഉയരത്തിൽ; സെഞ്ചറി അടിച്ച് വെള്ളിയും

0

കേരളത്തിൽ സ്വർണവില ഇന്നും റെക്കോർഡ് പൊളിച്ചെഴുതി. ഗ്രാമിന് 10 രൂപ വർധിച്ചു വില 7,120 രൂപയായി. 80 രൂപ ഉയർന്ന് 56,960 രൂപയാണ് പവൻ വില. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 7,110 രൂപയും പവന് 56,960 രൂപയുമെന്ന റെക്കോർഡ് ഇനി പഴങ്കഥ. 57,000 രൂപയെന്ന നാഴികക്കല്ലിലേക്ക് പവൻ വില ഇനി 40 രൂപ മാത്രം അകലെ.ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ഓഹരി, കടപ്പത്ര വിപണികൾ നേരിടുന്ന വിൽപനസമ്മർദമാണ് സ്വർണവില കുതിച്ചുകയറാൻ മുഖ്യകാരണം.യുദ്ധം മുറുകുന്നത് രാജ്യാന്തര വ്യാപാരം, ആഗോള സമ്പദ്‍വ്യവസ്ഥ എന്നിവയ്ക്കു തിരിച്ചടിയാകുമെന്ന ഭീതിമൂലം നിക്ഷേപകർ ഓഹരി, കടപ്പത്രങ്ങൾ വിറ്റൊഴിഞ്ഞ്, ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ എന്ന പെരുമ എക്കാലത്തുമുള്ള ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്കു മാറ്റുകയാണ്.

ഡിമാൻഡ് കൂടിയതോടെ സ്വർണവില കുതിക്കാനും തുടങ്ങി.പുറമേ, ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് സമ്പദ്‍വ്യവസ്ഥയിലെ ചലനങ്ങളും സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. യുഎസ് കേന്ദ്രബാങ്ക് വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്നാണു വിലയിരുത്തലുകൾ. യുഎസിലെ തൊഴിലില്ലായ്മ കണക്കുകൾ ഇന്നു പുറത്തുവരും. കണക്കുകൾ പ്രതികൂലമായാൽ പലിശയിൽ വീണ്ടും വലിയ ഇളവിനായി മുറവിളി ഉയരും. പലിശ കുറയുന്നത് യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളെയും ഡോളറിനെയും ദുർബലപ്പെടുത്തും. ഇതും സ്വർണവില കൂടാൻ ഇടവരുത്തും.

സ്വാധീനശക്തിയായി ഇന്ത്യയുംഇന്ത്യയുടെ റിസർവ് ബാങ്ക് അടക്കം ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ കരുതൽ‌ ശേഖരത്തിലേക്കു വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും ഉത്സവകാല സീസണായതിനാൽ ഇന്ത്യയിൽ ആഭരണ ഡിമാൻഡ് വർധിക്കുന്നതും സ്വർണ വില കൂടാനുള്ള കാരണങ്ങളാണ്. ഔൺസിന് 2,654 ഡോളറായിരുന്ന രാജ്യാന്തര വില ഇപ്പോൾ 2,664 ഡോളറിലേക്ക് തിരിച്ചുകയറിയതാണ് ഇന്ന് കേരളത്തിലെ വിലയെയും റെക്കോർഡിലേക്ക് നയിച്ചത്.

കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 5 രൂപ ഉയർന്ന് പുതിയ ഉയരമായ 5,885 രൂപയിലെത്തി. വെള്ളി വില ഗ്രാമിനു രണ്ടു രൂപ വർധിച്ച് 100 രൂപയായി. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് വെള്ളിവില വീണ്ടും സെഞ്ചറിയടിക്കുന്നത്. വെള്ളി പാദസരം, അരഞ്ഞാണം, വള, പൂജാപാത്രങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങിയവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിനു വെള്ളി ഉപയോഗിക്കുന്നവർക്കും ഈ വില വർധന തിരിച്ചടിയാണ്.

ഇന്നൊരു പവന് വില 56,960 രൂപ 56,960 രൂപയാണ് ഇന്നൊരു പവന് വില. ഇതോടൊപ്പം 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപയും അതിന്റെ 18% ജിഎസ്ടിയും), പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. ചില ജ്വല്ലറികൾ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20 ശതമാനത്തിനു മുകളിലുമാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ 61,656 രൂപ കൊടുത്താലേ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം കിട്ടൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,707 രൂപയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *