സിനിമാസ്റ്റൈൽ മോഷണം; ആഭരണങ്ങളുമായി പോയവരെ ആക്രമിച്ച് സ്വർണവും കാറും തട്ടിക്കൊണ്ടുപോയി: തൃശൂർ
തൃശൂർ ∙ രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന രണ്ടര കിലോഗ്രാമിലേറെ സ്വർണമാലകളുമായി സഞ്ചരിച്ച രണ്ടുപേരെ ആക്രമിച്ചു ക്രിമിനൽ സംഘം കാറും സ്വർണവും തട്ടിയെടുത്തു കടന്നു. കോയമ്പത്തൂരിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്ക് ആഭരണങ്ങളുമായി പോകുകയായിരുന്ന കിഴക്കേക്കോട്ട നടക്കിലാൻ അരുൺ സണ്ണി (38), ചാലക്കുടി കോട്ടാത്തുപറമ്പിൽ റോജി തോമസ് (43) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
അരുണിന്റെ കഴുത്തിൽ കത്തിവച്ച ശേഷം സ്വർണം എവിടെയെന്നു പറയിക്കാൻ ചുറ്റിക കൊണ്ടു തുടയിൽ പലവട്ടം മർദിച്ചു. അരുണിനെ കുട്ടനെല്ലൂരിലും റോജിയെ പാലിയേക്കരയിലും ദേശീയപാതയോരത്ത് ഉപേക്ഷിച്ച ശേഷം സ്വർണം സഹിതം കാറുമായി പ്രതികൾ എറണാകുളം ദിശയിലേക്കു രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 11.25നു ദേശീയപാതയിൽ വഴുക്കുംപാറ കല്ലിടുക്കിൽ നടന്ന സംഭവത്തെക്കുറിച്ചു പൊലീസിനു ലഭ്യമായ വിവരങ്ങളിങ്ങനെ: തൃശൂരിൽ നിന്നു കോയമ്പത്തൂരിലെ ആഭരണനിർമാണ ശാലയിലേക്കു സ്വർണം പണിയിക്കാൻ കൊണ്ടുപോയ ശേഷം മടങ്ങുകയായിരുന്നു അരുണും റോജിയും. 2.60 കിലോഗ്രാം തൂക്കം വരുന്ന സ്വർണമാലകളാണു വണ്ടിയിലുണ്ടായിരുന്നത്. സുരക്ഷാകാരണങ്ങളാൽ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദേശീയപാതയിലൂടെ ഏറെനേരമായി ഇവരുടെ വണ്ടിയെ 3 കാറുകൾ പിന്തുടർന്നിരുന്നു. കല്ലിടുക്കിലെത്തിയപ്പോൾ ഇതിലൊരു കാർ പാഞ്ഞു മുന്നിൽ കയറി ഇവരെ തടഞ്ഞിട്ടു. പിന്നാലെ എത്തിയ രണ്ടു കാറുകളിൽ നിന്നുമടക്കം ആകെ 11 പേർ അരുണിന്റെ വണ്ടിയെ വളഞ്ഞു. പ്രതികൾ മുഖം മറച്ചിരുന്നു.
അരുണിന്റെയും റോജിയുടെ കഴുത്തിൽ കത്തിവച്ചു ഗുണ്ടാസംഘത്തിന്റെ കാറിലേക്കു പിടിച്ചുകയറ്റി. സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലെ യാത്രക്കാർ നോക്കിനിൽക്കെ ആയിരുന്നു അതിക്രമം. അരുൺ സഞ്ചരിച്ച കാറും ഗുണ്ടാസംഘം തട്ടിയെടുത്തു. ഒറ്റനോട്ടത്തിൽ കാറിൽ സ്വർണം കാണാതിരുന്നതോടെ രഹസ്യ അറയിൽ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന സംശയത്തിൽ ഇവർ അരുണിന്റെ തുടയിൽ ചുറ്റിക കൊണ്ടു തുടരെ മർദിച്ചു. സ്വർണം എവിടെയാണെന്നു പറയാൻ തയാറാകാതിരുന്നതോടെ അരുണിനെ കുട്ടനെല്ലൂരിൽ ഉപേക്ഷിച്ചു. കാര്യമായി ഉപദ്രവിക്കാതെ റോജിയെ പാലിയേക്കരയിലും ഉപേക്ഷിച്ചു. വണ്ടി നീങ്ങിയത് എവിടേക്കെന്ന കാര്യത്തിൽ പൊലീസിനു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണു സൂചന. കാറിൽ നിന്നു ക്രിമിനൽ സംഘത്തിനു സ്വർണം കണ്ടെടുക്കാൻ കഴിഞ്ഞോ എന്ന കാര്യത്തിൽ വ്യക്തതയില്ല.